| Wednesday, 10th August 2022, 1:10 pm

എനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല, ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരകളില്‍ ഒരാളാണ് ടിനി ടോം. താരത്തിന്റെ മിമിക്രി ഉപയോഗിച്ചാണ് മിക്കവാറും ട്രോളുകള്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ തനിക്കിനി മിമിക്രി കാണിച്ച് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് ടിനി ടോം. സിനിമയിലേക്ക് ഒരു എന്‍ട്രി മാത്രമാണ് ഉദ്ദേശിച്ചതെന്നും മിമിക്രി കൊണ്ട് എന്താണോ നേടാന്‍ ആഗ്രഹിച്ചത് അത് നേടിയെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.

‘ട്രോളുകള്‍ എന്‍ജോയ് ചെയ്യാറുണ്ട്. ഹേറ്റേഴ്‌സ് ആര്‍ മൈ ഫാന്‍സ്. എനിക്ക് ഇനി മിമിക്രി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. ഞാന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലൈന്‍ഡ് സ്‌കൂളില്‍ പോയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഒരു കാന്‍സര്‍ വാര്‍ഡോ ബ്ലൈന്‍ഡ് സ്‌കൂളോ സന്ദര്‍ശിച്ചാല്‍ നമുക്ക് അഹങ്കാരമുണ്ടാവില്ല. അവിടെ കൊച്ചുകുഞ്ഞുങ്ങളാണ്. അവരെ കണ്ടപ്പോള്‍ ഓര്‍ത്തത് ദൈവം എനിക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടല്ലോ എന്നാണ്. എനിക്ക് സിനിമയുടെ കുടുംബപാരമ്പര്യമൊന്നുമില്ല. ട്രൂപ്പുകളിലേക്ക് വന്നു. പിന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റി. ബ്രൂണേ, ഹോങ്കോങ്, പോലെയുള്ള സ്ഥലങ്ങളിലേക്ക് എന്നെ മലയാളികള്‍ ക്ഷണിച്ചിട്ടുണ്ട്.

സിനിമയിലേക്ക് ഒരു എന്‍ട്രി ആണ് ഉദ്ദേശിച്ചത്. മിമിക്രി കൊണ്ട് എന്താണോ നേടാനുള്ളത് അത് ഞാന്‍ നേടി. 10 വര്‍ഷം മുമ്പ് പ്രാഞ്ചിയേട്ടനിലേക്ക് എന്‍ട്രി ലഭിച്ചു. മമ്മൂക്ക തന്നെയാണ് എന്നെ സെലക്റ്റ് ചെയ്ത് ഡ്യൂപ്പ് ആക്കുന്നത്. ഇവന്‍ പെര്‍ഫെക്റ്റാണ്, ഇവന്റെ ഷോള്‍ഡെര്‍ കറക്റ്റാണെന്നൊക്കെ പറഞ്ഞ് ക്ഷണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം വഴിയാണ് സിനിമയിലെത്തുന്നത്. ആരേയും വെറുപ്പിച്ചിട്ടില്ല. പ്രാഞ്ചിയേട്ടന് ശേഷം രണ്‍ജിയേട്ടന്റെ തുടര്‍ന്നുള്ള ഏഴ് പടങ്ങളില്‍ അഭിനയിച്ചു. രണ്‍ജിയേട്ടനെ ഒന്നും സോപ്പിടാന്‍ പറ്റില്ല. അവരൊക്കെ യഥാര്‍ത്ഥ കാസ്റ്റിങ്ങിന്റെ ആള്‍ക്കാരാണ്. പുള്ളി ഗിഫ്റ്റ് മേടിക്കില്ല. പുള്ളി കറക്റ്റ് കാസ്റ്റിങ് വെച്ച് മാത്രമേ ചെയ്യിപ്പിക്കൂ.

അദ്ദേഹത്തിന്റെ ഒരു പടം മാത്രം കയ്യില്‍ നിന്നും പോയി. ഞാന്‍ എന്ന സിനിമയില്‍ പൊലീസുകാരനാവാന്‍ എന്നെ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ മറ്റൊരു കഥാപാത്രത്തിനായി താടി വെച്ചിട്ടുണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞപ്പോള്‍ ഒക്കെ കുഴപ്പമില്ല, നിനക്ക് തിരക്കാണെന്ന് അറിയുന്നതാണ് എനിക്ക് സന്തോഷം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി സിനിമ ചെയ്താലും അദ്ദേഹം എന്നെ വിളിക്കും. കാശും കുറവാണ്, നന്നായിട്ട് അഭിനയിക്കുകയും ചെയ്യും. ഇങ്ങനൊക്കെ ആരാ പറഞ്ഞേന്ന് ആള്‍ക്കാര് ചോദിക്കും. ആ സംവിധായകരൊക്കെ തന്നെയാണ് പറഞ്ഞത്.

റണ്‍ ബേബി റണ്ണിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ അപ്പോള്‍ ഒരു ചെറിയ സിനിമക്ക് ഞാന്‍ വാക്ക് പറഞ്ഞു പോയി. റണ്‍ ബേബി റണ്ണിന് വേണ്ടി ഞാന്‍ അവിടെ നിന്നും മുങ്ങിയാല്‍ അയാള്‍ തകര്‍ന്ന് പോയേനേ. അങ്ങനെ ചെയ്തിട്ടുള്ള ആള്‍ക്കാരൊക്കെ ഉണ്ട്. അന്ന് പോവാന്‍ പറ്റിയില്ല. പക്ഷേ ജോഷി സാര്‍ പിന്നീട് പാപ്പന്‍ എടുത്തപ്പോള്‍ അതിലേക്കും എന്നെ വിളിച്ചു. ജോഷി സാറിന്റെ മുമ്പില്‍ സുരേഷ് ഗോപിയെ ഒക്കെ പോലെ പൊലീസ് വേഷമിട്ട് നില്‍ക്കണമെങ്കില്‍ ചെറിയ മനകട്ടി പോര,’ ടിനി ടോം പറഞ്ഞു.

Content Highlight: Tiny Tom says that he don’t need to prove himself anymore and haters are his Fans

We use cookies to give you the best possible experience. Learn more