മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് ടിനി ടോം. ടിനി ടോമിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു ഗിന്നസ് പക്രുവുമൊന്നിച്ചുള്ള ഷോകള്‍. ടോം ആന്റ് പക്രു എന്ന പേരിട്ട പരിപാടി ഇരുവര്‍ക്കും വലിയ അംഗീകാരങ്ങളും പ്രശംസ്തിയും നല്‍കിയ സംഭവവുമായിരുന്നു.
എന്നാല്‍ സ്റ്റേജ് ഷോകളില്‍ നിന്നും ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും ഇരുവരും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണിപ്പോള്‍ ടിനി ടോം. ബോഡി ഷെയ്മിങ് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് തങ്ങള്‍ ഒരുമിച്ചുള്ള ഷോകള്‍ അവസാനിപ്പിച്ചത് എന്നാണ് ടിനി ടോം പറയുന്നത്. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളിപ്പോള്‍ (ടിനി ടോമും ഗിന്നസ് പക്രുവും) ടിവിയിലോ മറ്റു പരിപാടികളിലോ എവിടെയും ഒരുമിച്ച് വരുന്നില്ല. ബോഡിഷെയ്മിങ്ങാണ് ഞങ്ങള്‍ പിരിയാന്‍ കാരണം. സ്‌കിറ്റ് ഉണ്ടാക്കുന്നത് അവന്‍ തന്നെയായിരിക്കും, പക്ഷെ തെറി കേള്‍ക്കുന്നത് എനിക്കായിരിക്കും. അവന്‍ അവനെ തന്നെ കളിയാക്കുന്ന കാര്യങ്ങളാണ് എഴുതിക്കൊണ്ടുവരുന്നത്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് നിനക്ക് ചെയ്യാന്‍ കഴിയുമോ എന്ന ഒരു സംഭവമുണ്ട്. ഡിഷ്യൂം എന്നൊരു പടത്തില്‍ അവനത് അവതരിപ്പിച്ചിട്ടുണ്ട്.
അവന് പലതും ചെയ്യാന്‍ കഴിയും. അവന്‍ കാലിനടിയിലൂടെ പോകും. എനിക്കത് ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ പലതും. അപ്പോ തന്നെ, ടിനി ടോം ഈ മനുഷ്യനെ വികൃതനാക്കി കാണിച്ചു എന്ന കമന്റ് വരും. എന്ത് ചെയ്താലും ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് അതിലെ ഫണ്‍. അതങ്ങനെയേ വരൂ. അങ്ങനെ ഞങ്ങള്‍ പരിപാടി നിര്‍ത്തി. ജഡ്ജ്‌മെന്റാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ, ഇത് അവിടെയും ഇവിടെയുമെല്ലാമിരുന്ന് പറയുകയാണ്.
ഇപ്പോള്‍ ഞങ്ങളൊരുമിച്ചൊരു സിനിമ വരുന്നുണ്ട്. 916 കുഞ്ഞൂട്ടന്‍ എന്ന പേരില്‍. ഞാന്‍ അതില്‍ ചെറിയൊരു വേഷമാണ് ചെയ്യുന്നതെങ്കിലും ഞങ്ങള്‍ ഒരുമിക്കുന്ന ഒരു സിനിമയാണത്. ഈ വെക്കേഷനില്‍ പുറത്തുവരും. ആയിരം വട്ടം ആലോചിച്ചിട്ടേ ഇപ്പോള്‍ ഒരു കാര്യം പറയാന്‍ പറ്റൂ. അവന് അവനെ തന്നെ കളിയാക്കാന്‍ ഭയങ്കര ഇഷ്ടമാണ്. അത് എന്നെ കൊണ്ട് പറയിക്കാനും ഇഷ്ടമാണ്. അത് പിന്നെ ഭയങ്കര പ്രശ്‌നമാകും.
എനിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വരുമ്പോള്‍ ഞാന്‍ ആദ്യം വിളിക്കുന്ന ആളുകളില്‍ ഒരാളാണ് അവന്‍. ഞാന്‍ ഇവിടം വരെ എത്തി പിന്നെ നിനക്കെന്ത് നോക്കാനാ എന്ന് അവന്‍ പറയും. അവിടെയാണ് നമുക്ക് ഒരു എനര്‍ജി ലഭിക്കുന്നത്,’ ടിനി ടോം പറഞ്ഞു.
content highlights: Tiny Tom says he and Guinness Pakru broke up due to body shaming allegations