| Thursday, 24th June 2021, 12:02 pm

'അതൊന്നുമറിയാതെ ഓടിച്ചെന്ന് ഹലോ മമ്മൂക്ക എന്നൊക്കെ ചോദിച്ചാല്‍ ആരാ, എന്താ എന്നൊക്കെ മൂപ്പര്‍ ചോദിക്കും'; ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കോമഡി ഷോകളിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ നടനാണ് ടിനി ടോം. കോമഡി പോലെ തന്നെ സീരിയസ്സ് കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് ടിനി ടോം തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള അഭിനയ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ടിനി ടോം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടിനി ടോം മനസ്സുതുറന്നത്.

‘മമ്മൂക്കയുടെ ക്ലൈമറ്റ്(പ്രകൃതം) ഇടക്കിടയ്ക്ക് മാറും. കേരളത്തിലെ കാലാവസ്ഥ പോലെയാണ്. അതിന് അനുസരിച്ച് നമുക്ക് പെരുമാറാന്‍ കഴിയണം. അതറിയാതെ ഓടി ചെന്ന് ഹലോ മമ്മൂക്ക എന്നൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ മൂപ്പര്‍ ചോദിക്കും ആരാണ്, എന്താണ് എന്നൊക്കെ. നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്, ടിനി ടോം പറഞ്ഞു.

‘ഒരു ദിവസം പനമ്പിള്ളി നഗറില്‍ വെച്ച് ഒരു സിനിമാ ഓഫീസിന്റെ ഉദ്ഘാടന പരിപാടി നടക്കുകയായിരുന്നു. മമ്മൂക്ക വരുമ്പോള്‍ ഒരു കൊടുങ്കാറ്റ് പോലെയാണല്ലോ വരുന്നത്.

കുറെ പരിവാരങ്ങളൊക്കെയായി വരുന്നു. അപ്പോള്‍ ഞാന്‍ ഒന്ന് ഒതുങ്ങി നിന്നു. പുള്ളി എന്റെ മുന്നില്‍ വന്ന് നിന്നു. എന്നിട്ട് പറഞ്ഞു, എന്തേയ്, ഇങ്ങട് വാ എന്ന്.

നിറയെ ആള്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. ഞാന്‍ അവിടെ ഹീറോയായി. കാരണം അത്രയും താരങ്ങളുള്ളപ്പോള്‍ എന്നെ അദ്ദേഹം വിളിച്ചു. അതെനിക്ക് മറക്കാനാകാത്ത സന്ദര്‍ഭമാണ്,’ ടിനി ടോം പറഞ്ഞു.

ഇതിന് വിപരീതമായി മറ്റൊരു അനുഭവവും മമ്മൂക്കയില്‍ നിന്നുണ്ടായതായും ടിനി ടോം പറയുന്നു.

‘ഒരു വലിയ ഫംഗ്ഷന്‍ നടക്കുകയായിരുന്നു. മമ്മൂക്കയെ കാണാനായി ഞാന്‍ ഓടിച്ചെല്ലുന്നു. നിറയെ ആള്‍ക്കാരുണ്ടായിരുന്നു. മമ്മൂക്ക എന്നെ കണ്ടില്ല. അദ്ദേഹം തിരിഞ്ഞ് നടക്കുന്നു. ഞാന്‍ പിന്നാലെ ഓടേണ്ടി വരുമെന്ന സാഹചര്യമായിരുന്നു.

പക്ഷെ അപ്പോഴേക്കും രണ്ട് കൈകള്‍ എന്നെ വന്നു പിടിച്ചു. ലാലേട്ടനായിരുന്നു അത്. അല്ലെങ്കില്‍ ഞാന്‍ തകര്‍ന്നു പോയേനെ. കാരണം ഇത്രയും ആള്‍ക്കാര്‍ നോക്കിനില്‍ക്കെ മമ്മൂക്ക എന്നെ മൈന്‍ഡ് ചെയ്യാതെ പോയി എന്ന് വിചാരിക്കും. ഇതും ഒരു മറക്കാത്ത അനുഭവമാണ്,’ ടിനി ടോം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Tiny Tom Opens About Mammoottty

We use cookies to give you the best possible experience. Learn more