സഞ്ജുവിന് ലഭിച്ചത് ഡു ഓര്‍ ഡൈ അവസരങ്ങള്‍ മാത്രമാണ്; ടിനു യോഹന്നാന്‍
Sports News
സഞ്ജുവിന് ലഭിച്ചത് ഡു ഓര്‍ ഡൈ അവസരങ്ങള്‍ മാത്രമാണ്; ടിനു യോഹന്നാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2024, 5:02 pm

ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ സൂപ്പര്‍ ഓവറില്‍ എത്തിയത്.

മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ഒന്നും നേടാതെയാണ് സഞ്ജു പുറത്തായത്. ലങ്കന്‍ താരം ചമിന്തു വിക്രമസിംഹേയുടെ പന്തില്‍ ഹസരങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യം റണ്‍സിന് പുറത്തായിരുന്നു.

നിലവിലെ കേരള ടീം ഹെഡ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ ടിനു യോഹന്നാന്‍ ഇപ്പോള്‍ സഞ്ജുവിന് പിന്തുണയുമായി വന്നിരിക്കുകയാണ്. അരങ്ങേറ്റം കഴിഞ്ഞ് 10 വര്‍ഷമായിട്ടും സഞ്ജുവിന് ഡു ഓര്‍ ഡൈ മത്സരങ്ങളിലാണ് അവസരം ലഭിച്ചതെന്നും സഞ്ജു ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ഉറപ്പായും സമ്മര്‍ദത്തിലാണെന്നും ടിനു പറഞ്ഞു.

‘അരങ്ങേറ്റം കഴിഞ്ഞ് 10 വര്‍ഷമായിട്ടും അവന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിരുന്നില്ല. അവനെ സബന്ധിച്ചിടത്തോളം അവസരം കിട്ടിയ മത്സരങ്ങളെല്ലാം ഡു ഓര്‍ ഡൈ മത്സരങ്ങളായിരുന്നു. അവന്‍ ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ഉറപ്പായും സമ്മര്‍ദത്തിലാകും. അവന്‍ പിന്തുണ അര്‍ഹിക്കുന്നു,’ ടിനു യോഹന്നാന്‍ റെവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

 

Content Highlight: Tinu Yohannan Come To support Sanju Samson