തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ കുറിച്ച് പറയുകയാണ് ടിനു പാപ്പച്ചന്‍. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ടിനു പാപച്ചന്‍ ഇഷ്ട ലിജോ ജോസ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
അങ്കമാലി ഡയറീസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ചിത്രം ഈ.മ.യൗ ആണെന്നാണ് ടിനു പറയുന്നത്.
‘ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഈ.മ.യൗ ആണ്. നന്‍പകല്‍ നേരത്ത് മയക്കവും അങ്കമാലി ഡയറീസുമൊക്കെ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങളാണ് എന്നാല്‍ അതിനെല്ലാം മുകളില്‍ നില്‍ക്കുന്ന ഇഷ്ടപ്പെട്ട ചിത്രം ഈ.മ.യൗ തന്നെയാണ്,’ ടിനു പറയുന്നു.
ഈ.മ.യൗ പോലുള്ള സിനിമകള്‍ എടുക്കാന്‍ ഇനിയും കുറേ പഠിക്കാന്‍ ഉണ്ട്. അവിടേക്ക് ഉള്ള യാത്രയിലാണ് താനെന്നും എല്ലാ തരം സിനിമകളും എടുക്കാന്‍ ആഗ്രഹമുണ്ടെന്നും ടിനു പറയുന്നുണ്ട്.
‘ഇപ്പോള്‍ ഒരു 25,30 ലെവലിലേക്ക് മാത്രമേ എത്തിയിട്ടുള്ളൂ. ഈ.മ.യൗ പോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ഇനിയും കുറെ പഠിക്കാനുണ്ട്. തീര്‍ച്ചയായും എല്ലാ തരം സിനിമകളും ചെയ്യാന്‍ ആഗ്രഹമുണ്ട്’; ടിനു കൂട്ടിച്ചേര്‍ത്തു.
ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഒപ്പം സിനിമ പഠിക്കുന്നത് കൊണ്ട് കണ്‍വന്‍ഷനലായ ചിന്തകള്‍ മാറാന്‍ അവസരം കിട്ടിയെന്നാണ് ടിനു പറഞ്ഞത്. അദ്ദേഹത്തിന് ഒപ്പമുള്ള യാത്ര അതിന് സഹായിച്ചുയെന്നും അഭിമുഖത്തില്‍ ടിനു പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനില്‍ അസോസിയേറ്റ് ഡയറക്ടറായി ടിനു പാപ്പച്ചനും പ്രവര്‍ത്തിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറാണ് ടിനുവിന്റെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന അടുത്ത ചിത്രം.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. മുന്‍ ചിത്രങ്ങളെ പോലെ ആക്ഷന്‍ മോഡില്‍ തന്നെയാണ് ചാവേറും എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രം കൂടിയായിരിക്കും ചാവേര്‍. ജൂലൈയ് 20 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റി വെക്കുകയായിരുന്നു.