| Sunday, 21st January 2024, 2:25 pm

അതിനുള്ള മറുപടിയാണ് വാലിബൻ, ഉറപ്പായിട്ടും അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട് ആയിരിക്കും ചിത്രം: ടിനു പാപ്പച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ഈ വർഷം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ചിത്രത്തിന്റെ ഴോണറിനെ കുറിച്ചോ കഥയെ കുറിച്ചോ ഒരു വിവരവും ഇത് വരെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച ശ്രദ്ധ നേടിയിരുന്നു.

സംവിധാന സഹായികളിൽ ഒരാളാണ് ടിനു പാപ്പച്ചൻ. ലിജോയുടെ കൂടെ ഇതാദ്യമായ അല്ല ടിനു വർക്ക്‌ ചെയ്യുന്നത്. ലിജോ ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സംവിധായകൻ കെ. ജി ജോർജ് ആണെന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്.

വാലിബന്റെ ഷൂട്ടിങ് സമയത്ത് താൻ മോഹൻലാലിനോട് കെ. ജി. ജോർജിന്റെ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ടിനു പറയുന്നു.

അതിനെല്ലാം ഉള്ള മറുപടിയായി കെ.ജി ജോർജ് ട്രിബ്യൂട്ടായിരിക്കും വാലിബനെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ടിനു പറഞ്ഞു.

‘ലിജോ ചേട്ടൻ ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ഫിലിം മേക്കർ കെ. ജി. ജോർജ് ആണ്. വാലിബന്റെ സെറ്റിൽ വെച്ച് ലാലേട്ടനുമായി നല്ല അടുപ്പമായപ്പോൾ ഞാൻ അദ്ദേഹത്തോടും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സാറും ജോർജ് സാറും ഒന്നിച്ചിട്ടുള്ള ഒരു ചിത്രം കാണാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

അത് പല കാരണങ്ങൾ കൊണ്ടാണ് നടക്കാതെ പോയത്. സിനിമ അങ്ങനെയാണല്ലോ. ചിലപ്പോൾ അതിനൊക്കെയുള്ള ഒരു മറുപടി ആയിരിക്കും മലൈക്കോട്ടൈ വാലിബൻ. ഉറപ്പായിട്ടും ജോർജ് സാറിനുള്ള ഒരു ട്രിബ്യൂട്ട് തന്നെയായിരിക്കും,’ ടിനു പാപ്പച്ചൻ പറയുന്നു.

Content Highlight: Tinu Pappachan Talk About K.G. George And Mohanlal

We use cookies to give you the best possible experience. Learn more