സ്വന്തമായി കുറെ സിനിമകള്‍ ചെയ്തിട്ടും എന്തുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടൈ വാലിബനില്‍ അസോസിയേറ്റ് ഡയറക്ടറായി എന്ന ചോദ്യത്തിന് മറുപടി നല്‍കി ടിനു പാപ്പച്ചന്‍. എല്‍.ജെ.പിയോടുള്ള സ്‌നേഹവും ബഹുമാനവും മാറ്റി വെച്ചാല്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അത് തന്റെ സിനമകള്‍ക്ക് ഗുണം ചെയ്യാറുണ്ടെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.
ലിജോയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണെന്നും അത്തരത്തില്‍ നടത്തിയ ഒരു യാത്രയില്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച അറിവുകള്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘എല്ലാ ദിവസവും നമ്മള്‍ സിനിമയെ പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും പഠിക്കാനുള്ള അവസരമാണ് ലിജോ ചേട്ടന്റെ കൂടെ പോകുമ്പോള്‍ ഉണ്ടാകുന്നത്. അദ്ദേഹത്തോടൊപ്പം ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നുവെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
പക്ഷെ, അതിനപ്പുറം പുള്ളിയുടെ കൂടെയുള്ള യാത്രയുണ്ട്, ആ യാത്രയില്‍ നമുക്ക് കിട്ടുന്ന അറിവുകളുണ്ട്. ഫിലിം മേക്കിങ്ങിനെ പറ്റി ആയാലും ജീവിതത്തെ പറ്റി ആയാലും അല്ലെങ്കില്‍ മ്യൂസിക്കിനെ പറ്റി ആയാലും പിന്നീട് ചെയ്യുന്ന സിനിമകളില്‍ ഉപകരിക്കാറുണ്ട്.
ഞാന്‍ ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രത്തില്‍ അതെനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അതങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. എന്നെ സംബന്ധിച്ച് എപ്പോള്‍ അങ്ങനെയൊരു അവസരം ഉണ്ടാകുമ്പോഴും ഞാന്‍ അത് യൂസ് ചെയ്യാറുണ്ട്. കാരണം, നമ്മള്‍ രണ്ടോ മൂന്നോ സിനിമ ചെയ്യുമ്പോഴേക്ക് എല്ലാം പഠിച്ചു എന്നില്ലല്ലോ. പുതുതായിട്ട് ഒരുപാട് കാര്യങ്ങള്‍ നമ്മളിനിയും പഠിക്കാനുണ്ട്.
ഞാനെപ്പോഴും പഠിക്കാന്‍ ട്രൈ ചെയ്ത് കൊണ്ടിരിക്കുന്ന ആളാണ്. വാലിബനെ പോലൊരു സിനിമ ചെയ്യുമ്പോള്‍ അതൊരു വലിയ സിനിമയാണ്. ഇതുവരെ പരീക്ഷിക്കാത്ത പല കാര്യങ്ങളും അതിനകത്ത് പരീക്ഷിച്ചിട്ടുണ്ട്. അതൊക്കെ പഠിക്കാനുള്ള അവസരമായിട്ടാണ് അദ്ദേഹത്തൊടൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ കാണുന്നത്. ലിജോ ചേട്ടനൊപ്പമുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍,’ ടിനു പാപ്പച്ചന്‍ പറഞ്ഞു.
Content Highlights: Tinu Pappachan shares experience of working with Lijo Jose Pellissery