| Sunday, 8th October 2023, 10:12 pm

ചാവേറിന് നെഗറ്റീവ് കണ്ടപ്പോള്‍ വിഷമം തോന്നി; കഷ്ടപ്പെട്ട് എടുത്തതല്ലേ: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്.

വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രത്തിനെന്നാല്‍ ആദ്യ ഷോയ്ക്ക് ശേഷം തന്നെ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു വന്നത്. ഇപ്പോഴിതാ സിനിമക്ക് നെഗറ്റീവ് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നാണ് സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നത്.

താന്‍ സാധാരണ മനുഷ്യനല്ലേയെന്നും സിനിമക്ക് ആദ്യ ദിനം നെഗറ്റീവ് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും എന്നാല്‍ ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

‘ചാവേറിന് ആദ്യ ദിവസം നെഗറ്റീവ് കേട്ടപ്പോള്‍ സങ്കടം തോന്നി, ഞാന്‍ ചോറൊക്കെ കഴിക്കുന്ന ഒരു സാധാരണ മനുഷ്യനല്ലേ ഇത്രയും കഷ്ടപ്പെട്ട എടുത്തിട്ട് അതൊക്കെ കേട്ടപ്പോള്‍ വിഷമം തോന്നി. കുറച്ചൊക്കെ മനപ്പൂര്‍വ്വം ആണെന്ന് തോന്നിയിരുന്നു പക്ഷെ ഞാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. രണ്ട് സിനിമകള്‍ ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്തായാലും ഇനിയും മികച്ച സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കും,’ ടിനു പറയുന്നു.

അതേസമയം ചാവേര്‍ സംഘപരിവാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന യുക്തിയില്ലാത്ത രാഷ്ട്രീയം പറയുന്ന സിനിമയാണെന്നും കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയുടെ പ്രധാന പോരായ്മയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടത്.

ജോയ് മാത്യു ആണ് ചാവേറില്‍ തിരക്കഥ. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Tinu pappachan says that he was get sad when heard negative about chaaver movie
We use cookies to give you the best possible experience. Learn more