| Wednesday, 22nd December 2021, 11:30 pm

'അജഗജാന്തരം' സംവിധാനം ചെയ്യേണ്ടിയിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരി: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വതന്ത്ര്യം അര്‍ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ‘അജഗജാന്തര’ത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഒരു പൂരപറമ്പില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഇതുവരെ പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലറുകള്‍ക്കും ടീസറുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അജഗജാന്തരം സംവിധാനം ചെയ്യേണ്ടിയിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു എന്ന് പറയുകയാണ് ടിനു പാപ്പച്ചന്‍. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചന്‍ ചിത്രം തന്റെയടുത്തേക്ക് എത്തിപ്പെട്ടതിനെ പറ്റി പറഞ്ഞത്.

‘അജഗജാന്തരം എന്ന പേരിട്ടത് ലിജോ ചേട്ടനാണ്. ആന്റണിയാണ് അഗജാന്തരത്തിന്റെ കഥ എന്നോട് പറയുന്നത്. കിച്ചുവിന്റെയാണ് കഥ. അവരാദ്യം ലിജോ ചേട്ടനോടാണ് കഥ പറഞ്ഞത്. പക്ഷെ ജെല്ലിക്കെട്ട് ചെയ്തു നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ ചേട്ടന്‍ അത് ചെയ്തില്ല.

വീണ്ടും ഒരു അനിമല്‍ പടം ആകുമല്ലോ എന്ന് കരുതിയാണ് ആള് അത് വേണ്ടെന്ന് വെച്ചത്. അങ്ങനെയാണ് ആ കഥ എന്റെ അടുത്തേക്ക് എത്തുന്നത്. അങ്ങനെ ലിജോ ചേട്ടന്‍ ഇട്ട പേരാണ് ‘അജഗജാന്തരം’. അതെനിക്കും ഇഷ്ടപ്പെട്ടു,’ ടിനു പാപ്പച്ചന്‍ പറഞ്ഞു.

2018 ല്‍ പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം പ്രമേയം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ ടിനുവിന്റെ പുതിയ ചിത്രത്തിനും പ്രതീക്ഷകള്‍ ഏറെയാണ്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വവും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tinu pappachan says that ajagajantharam should have directed by lijo jose pellisseri

We use cookies to give you the best possible experience. Learn more