| Wednesday, 12th July 2023, 8:45 pm

മലൈക്കോട്ടൈ വാലിബനിലെ ലാല്‍ സാറിന്റെ ഇന്‍ട്രോയില്‍ തിയേറ്റര്‍ കുലുങ്ങും: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റ് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ ടിനു പാപ്പച്ചനാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് പറഞ്ഞത്. സിനിമ കളിക്കുന്ന തിയേറ്ററിന്റെ പുറത്ത് നിന്ന് ആദ്യ ഷോ കാണാനാണ് തനിക്ക് ആഗ്രഹമെന്നും മോഹന്‍ലാലിന്റെ ഇന്‍ട്രോക്ക് തിയേറ്റര്‍ കുലുങ്ങുമെന്നാണ് തന്റെ വിശ്വാസമെന്നും ടിനു പറഞ്ഞു.

‘ആ സിനിമയെ പറ്റി അധികം സംസാരിക്കാനുള്ള അവകാശമെനിക്കില്ല, എങ്കിലും ആ സിനിമ കളിക്കുന്ന ആദ്യത്തെ ഷോ, ഞാന്‍ തിയേറ്ററിന് പുറത്ത് നിന്ന് കാണാനാണ് ആഗ്രഹിക്കുന്നത്, എന്റെയൊരു വിശ്വാസമാണ്, ആളുകള്‍ എയറില്‍ കേറ്റുമോയെന്ന് അറിയില്ല, ലാല്‍ സാറിന്റെ ഇന്‍ട്രൊഡക്ഷനില്‍ തിയേറ്റര്‍ കുലുങ്ങും, ആ ടൈപ്പ് ഇന്‍ട്രോയാണ് ചിത്രത്തില്‍. നമ്മള്‍ പുറത്ത് നിന്ന് നോക്കിയാല്‍ തിയേറ്റര്‍ കുലുങ്ങും’. ടിനു പാപ്പച്ചന്‍ പറഞ്ഞു.

130 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങായിരുന്നു ചിത്രത്തിന്റേത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി.എസ് റഫീക്കാണ്.

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.

മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’ എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മുമ്പ് ഒരു ആഭിമുഖത്തില്‍ പറഞ്ഞത്.

‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Content Highlight: Tinu pappachan saying about the intro scene of mohanlal in the movie Malaikottai Vaaliban

We use cookies to give you the best possible experience. Learn more