ജോയ് മാത്യുവിന്റെ തിരക്കഥയില്‍ അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ തീരുമാനിച്ചട്ടില്ല.
രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും കാന്‍ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
അരുണ്‍ നാരായണ്‍ ആണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ഈശോയ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്.
അതേസമയം കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം അറിയിപ്പ് 75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തന്റെ മുത്തച്ഛനും പിതാവും ചേര്‍ന്ന് സ്ഥാപിച്ച ഉദയ പിക്‌ചേഴ്‌സ് 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെ അറിയിപ്പിന് ഇത്തരത്തിലൊരു ബഹുമതി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
‘ന്നാ താന്‍ കേസ് കൊട്’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Content Highlight : Tinu Pappachan new movie with Kunchakko boban shoot starts soon