ചാവേറിന്റെ തിരക്കഥ പോരെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്; ടിനു പാപ്പച്ചന്റെ മറുപടി
Film News
ചാവേറിന്റെ തിരക്കഥ പോരെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്; ടിനു പാപ്പച്ചന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd October 2023, 5:12 pm

മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചന്റെ ചാവേര്‍. കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിങ്ങനെയായിരുന്നു ചിത്രത്തിലെ താരനിര. റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ചാവേറിന് ലഭിച്ചത്. മേക്കിങ്ങ് ഗംഭീരമായെന്നും തിരക്കഥയാണ് പാളിപ്പോയതെന്നുമാണ് ചിത്രത്തിനെതിരെ വന്ന പ്രധാന വിമര്‍ശനം. ചാവേറിന്റെ തിരക്കഥ പോരെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനു പാപ്പച്ചന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവേറിന്റെ മേക്കിങ് ഗംഭീരമായെന്ന് പറഞ്ഞ് കയ്യടിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ സന്തോഷം എന്നാണ് ടിനു പറഞ്ഞത്. ചാവേറിന്റെ സ്‌ക്രിപ്റ്റ് ഏറ്റിട്ടില്ല എന്ന് പറയുന്നവരോട് എന്ത് പറയുമെന്ന് ചോദിച്ചപ്പോള്‍ അത് താന്‍ റെസ്‌പെക്ട് ചെയ്യുന്നു എന്നായിരുന്നു മറുപടി. ‘ഞാന്‍ അത് ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്. പക്ഷേ ഫീഡ്ബാക്ക് റെസ്‌പെക്ട് ചെയ്യുന്നു,’ ടിനു പറഞ്ഞു.

ചാവേര്‍ ഇനി കാണാനിരിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അജഗജാന്തരവും സ്വാതന്ത്ര്യം അര്‍ധരാത്രിയിലും പോലൊരു സിനിമയല്ല ചാവേറെന്നാണ് ടിനു പറഞ്ഞത്. അത് മനസിലാക്കി തിയേറ്ററിലേക്ക് വരാന്‍ ശ്രമിക്കുക. ചാവേര്‍ പ്രതീക്ഷിച്ച് ചാവേറിന് വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി വരാനിരിക്കുന്ന ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ചിത്രം ആക്ഷന്‍ ഴോണറിലായിരിക്കുമെന്നും ടിനു പറഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ പരിപാടിയിലാണ് ഇപ്പോള്‍ ദുല്‍ഖറെന്നും അത് കഴിഞ്ഞായിരിക്കും തന്റെ ചിത്രം ചെയ്യുകയെന്നും ടിനു പറഞ്ഞു.

‘ഒരു കഥ പറഞ്ഞു, പുള്ളിക്ക് ഓക്കെയായി. അതിന്റെ ഡിസ്‌കഷന്‍ നടക്കുന്നേയുള്ളൂ. പുള്ളി തെലുങ്ക്, തമിഴ്, ഹിന്ദി അങ്ങനെ പാന്‍ ഇന്ത്യന്‍ പരിപാടിയിലാണല്ലോ, അതുകഴിഞ്ഞായിരിക്കും. ചര്‍ച്ചയൊക്കെ കഴിഞ്ഞ് എടുത്ത ഫോട്ടോയാണ് അത്. അടുത്തതായി ചെയ്യുമെന്ന് പറഞ്ഞ റൊമാന്റിക് പടമാണോ ഇത് എന്ന ചോദ്യത്തിന് അല്ലെന്നും ഇതൊരു വലിയ ആക്ഷന്‍ പടമാണെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിനാണ് ചാവേര്‍ റിലീസ് ചെയ്തത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിച്ചത്.

Content Highlight: Tinu Pappachan is responding to those who say Chaveer’s script is not good enough