| Friday, 13th October 2023, 1:43 pm

തെയ്യം ഒരുക്കുന്നവര്‍ പറഞ്ഞു പെപ്പെയുടെ മുഖത്ത് വരക്കാന്‍ രസമുണ്ടെന്ന്; അര്‍ജുനെ കാസ്റ്റ് ചെയ്തത് അവന്റെ മുഖം കാരണം: ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാവേറിലെ പെപ്പെയുടെ കഥാപാത്രത്തെ സൗഹൃദം മാത്രം നോക്കി കാസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ ഫീച്ചേഴ്സ് കഥാപാത്രത്തോട് യോജിക്കും എന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹത്തെ വിളിച്ചതെന്നും പറയുകയാണ് സംവിധായകന്‍ ടിനു പാപ്പച്ചന്‍.

ചാവേറിലെ മറ്റു നടന്മാരായ അര്‍ജുന്‍ അശോകനെയും മനോജ് കെ.യുവിനേയും കാസ്റ്റ് ചെയ്തതിനെ പറ്റിയും ടിനു പാപ്പച്ചന്‍ പറഞ്ഞു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെപ്പെയുടെ കഥാപാത്രം ഒരു തെയ്യം കലാകാരനാണ്. അദ്ദേഹത്തിന്റെ മുഖത്തെ ഫീച്ചേഴ്സ് അതിനോട് യോജിക്കും എന്ന് തോന്നിയത് കാരണമാണ് പെപ്പെയെ കാസ്റ്റ് ചെയ്തത്. അല്ലാതെ സൗഹൃദം മാത്രമല്ല കാരണം. ക്ലീന്‍ ഷേവ് എല്ലാം ചെയ്താല്‍ തെയ്യത്തിന് പറ്റിയ ഘടകങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ട്.

പിന്നെ പെപ്പയെ ട്രെയ്ന്‍ ചെയ്യാനും ഒരുക്കാനും ഞാന്‍ കുറച്ച് തെയ്യം കലകാരന്മാരെ ഏര്‍പ്പാട് ചെയ്തിരുന്നു. അവരും പറഞ്ഞു പെപ്പെയുടെ മുഖത്ത് വരക്കാന്‍ നല്ല രസമാണെന്നും തെയ്യം വേഷത്തില്‍ കാണാന്‍ രസമുണ്ടെന്നും.

അതുമാത്രമല്ല എല്ലാവരും പെപ്പയെ എപ്പോഴും ഇടിക്കാരനായിട്ടാണ് കാണുന്നത്. അതില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാക്കി പെപ്പയെ അവതരിപ്പിക്കന്‍ പറ്റുമെന്ന് ആലോചിച്ചാണ് പെപ്പെയെ ഈ കഥാപാത്രത്തിലേക്ക് തീരുമാനിച്ചത്.

അര്‍ജുന്‍ അശോകനെ കാസ്റ്റ് ചെയതത് അവന്റെ ആ രൂപം കാരണമാണ്. ഒരു നാല്‍വര്‍ സംഘത്തന്റെ ഇടയില്‍പ്പെട്ടു നിസഹായനായിരിക്കുന്ന ഒരാളുടെ വികാരം അദ്ദേഹത്തിന് ഉള്‍ക്കോള്ളാന്‍ സാധിക്കും എന്ന് തോന്നി.

അതുപോലെ മനോജേട്ടനെ കാസ്റ്റ് ചെയ്തത് തിങ്കഴാഴ്ച്ച നിശ്ചയം സിനിമ കണ്ടിട്ടാണ്. പലരെയും ആലോചിച്ചു പക്ഷെ ശരിയായില്ല. മാത്രമല്ല അദ്ദേഹം കണ്ണൂര്‍ പ്രദേശക്കാരനുമായിരുന്നു. ആ കഥാപാത്രവും കണ്ണൂര്‍കാരനാണ്,’ ടിനു പാപ്പച്ചന്‍ പറഞ്ഞു.

Content Highlight: Tinu Pappachan about Peppe Character on Chaver Movie and Theyyam

We use cookies to give you the best possible experience. Learn more