ചാവേർ സിനിമ കണ്ടതിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ടിനു പാപ്പച്ചൻ. തന്റെ ഏറ്റവും നല്ല സിനിമ ഇതാണെന്നും എന്നാൽ അതിൽ കുറച്ച് കറക്ഷൻസ് ഉണ്ടെന്നും അത് തിരുത്തിയേക്കണമെന്നുമായിരുന്നു ലിജോയുടെ പ്രതികരണമെന്ന് ടിനു പറഞ്ഞു.
ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഓരോ സിനിമ കഴിയുമ്പോഴും മുന്നോട്ട് പോകേണ്ടതാണെന്നും അങ്ങനെ പോയതുകൊണ്ടാണ് ലിജോ അങ്ങനെ പറഞ്ഞതെന്നും ടിനു കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ സിനിമ കഴിയുമ്പോഴും ഒരു ഫിലിം മേക്കർ എന്ന നിലയിൽ മുന്നോട്ട് ആണല്ലോ പോകേണ്ടത്. അതുകൊണ്ട് കുറച്ച് മുന്നോട്ടു പോയതുകൊണ്ടാണ് പുള്ളി അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫോൺ വിളിച്ചിട്ടാണ് എന്നോട് അത് പറയുന്നത്. ‘നിന്റെ ഏറ്റവും നല്ല സിനിമ ഇതാണ്, പക്ഷേ കുറച്ച് കറക്ഷൻസ് ഉണ്ട്, അതൊന്നു ചെയ്തേക്കണം’ എന്ന് പുള്ളി പറഞ്ഞു. പുള്ളി പറഞ്ഞ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തു,’ ടിനു കൂട്ടിച്ചേർത്തു.
താനും ലിജോ പെല്ലിശ്ശേരിയുമൊത്തുള്ള യാത്രകളെക്കുറിച്ചും അതിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചും ടിനു അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ലിജോയും താനും ഭക്ഷണ പ്രിയരാണെന്നും അത് അന്വേഷിച്ചാണ് തങ്ങൾ യാത്ര ചെയ്യാറുള്ളതെന്നും ടിനു കൂട്ടിച്ചേർത്തു. യാത്രയിൽ താൻ കാണാത്ത മ്യൂസിക്കും സിനിമയും അദ്ദേഹം തനിക്ക് കാണിച്ചു തരാറുണ്ടെന്നും ടിനു പറയുന്നുണ്ട്.
‘ഞാനും പുള്ളിയും നന്നായിട്ട് ഫുഡ് ഇഷ്ടപ്പെടുന്ന ആളുകളാണ്. അത് അന്വേഷിച്ചായിരിക്കും കൂടുതൽ യാത്ര ചെയ്യുക. എവിടെയെങ്കിലും പോകും അവിടെ ഇരിക്കും. ഇരിക്കുമ്പോൾ അധികവും സിനിമ അല്ലെങ്കിൽ മ്യൂസിക് ഇടും. അത് കേൾക്കും, അത് കാണും. അതാണ് അതിൽ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ നമുക്ക് പഠിക്കാനുള്ള ഒരു അവസരവും അതാണ്.
മ്യൂസിക്കും സിനിമയും യാത്രയിൽ വന്നു കൊണ്ടേയിരിക്കും. അത് എനിക്ക് ഇഷ്ടമാണ്. നമ്മൾ കാണാത്ത സിനിമ, നമ്മൾ കേൾക്കാത്ത മ്യൂസിക്ക് അതൊക്കെ കാണാനും കേൾക്കാനും നല്ല എക്സൈറ്റ്മെന്റാണ്. അതൊക്കെ കാണാനുള്ള ഒരു അവസരമാണ്. പുള്ളി പടം കാണാൻ സജസ്റ്റ് ചെയ്യാറില്ല പകരം റൂമിൽ പിടിച്ചിടും. ഇവിടെയിരുന്ന് കണ്ടുകൊള്ളാൻ പറയും. പടം ഇട്ടു തന്നിട്ട് പുള്ളി പോകും.
സിനിമയെപ്പറ്റി മാത്രമാണ് പുള്ളി സംസാരിക്കുക, വേറെ ഒന്നിനെ പറ്റിയും സംസാരിക്കുകയില്ല. 24 മണിക്കൂറും പുള്ളി സിനിമയെ കുറിച്ചാണ് സംസാരിക്കുക. അത്രയും പാഷനേറ്റ് ആയിട്ടുള്ള ഒരാളെ കാണാൻ പറ്റില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.
Content Highlight: Tinu pappachan about lijo jose pellicheri’s response of chaver movie