മെസേജ് കൊടുക്കാൻ വേണ്ടിയിട്ട് ഒരു സിനിമയും നിർമിച്ചിട്ടില്ലെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ. തനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ആളുകൾക്ക് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയിട്ടാണ് നിർമിക്കുന്നതെന്നും അല്ലാതെ മെസേജ് കൊടുക്കാമെന്ന ബോധ്യത്തിൽ ഇത് വരെ സിനിമ എടുത്ത് തുടങ്ങിയിട്ടില്ലെന്നും ടിനു പറഞ്ഞു. പ്രൈം മീഡിയ പ്രൊഡക്ഷൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനു പാപ്പച്ചൻ.
‘എൻ്റെ സിനിമകൾ ഒന്നും മെസേജ് കൊടുക്കാൻ വേണ്ടിയിട്ട് ഉണ്ടാക്കിയതല്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ആളുകൾ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയിട്ടാണ് നിർമിക്കുന്നത്. ഞാൻ എന്താണോ പറയുന്നത് ഇമോഷൻ ആണെങ്കിൽ അത്, ത്രില്ലർ ആണെങ്കിൽ അത്, അല്ലെങ്കിൽ ഫൺ ആണെങ്കിൽ അത്, ഇതൊക്കെ ആളുകൾ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയിട്ടാണ് ട്രൈ ചെയ്യാറുള്ളത്. അല്ലാതെ മെസേജ് കൊടുക്കാമെന്ന ബോധ്യത്തിൽ സിനിമ എടുത്ത് തുടങ്ങിയിട്ടില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.
സിനിമകൾ ചെയ്യുമ്പോൾ ഇപ്പോഴും ടെൻഷൻ ഉണ്ടെന്നും അത് ആദ്യമായിട്ട് ചെയ്യുമ്പോഴാണെങ്കിലും ഇപ്പോഴാണെങ്കിലും മാറ്റമില്ലെന്നും താൻ പൂർണത എത്താത്ത ഫിലിം മേക്കർ ആണെന്നും ടിനു കൂട്ടിച്ചേർത്തു. കാഴ്ചക്കാരുടെ അടുത്തേക്ക് സിനിമകൾ എത്തി അവരുടെ പ്രതികരണം കിട്ടുന്നത് വരെ തനിക്ക് ടെൻഷനാണെന്നും അദ്ദേഹം പറഞ്ഞു.
‘അപ്പോഴും ഇപ്പോഴും എനിക്ക് നല്ല ടെൻഷൻ ഉണ്ട്. ഞാൻ പൂർണത എത്താത്ത ഫിലിം മേക്കറാണ്, അതുപോലെ നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്ന ഫിലിം മേക്കറാണ്. നമ്മൾ ചെയ്യുന്നതൊക്കെ ശരിയാവണം എന്നുള്ളത് നമ്മുടെ മാത്രം വിശ്വാസമാണ്, അത് കാഴ്ചക്കാരുടെ അടുത്തേക്ക് എത്തുമ്പോഴാണ് അതിൻ്റെ ശരിക്കുള്ള റിസൾട്ട് നമുക്ക് മനസ്സിലാകുന്നത്. അവരുടെ അടുത്ത് എത്തുന്നത് വരെ നമുക്ക് എപ്പോഴും ടെൻഷനാണ്,’ ടിനു പറയുന്നു.
മലൈകോട്ടെ വാലിബൻ സിനിമയുടെ ഭാഗമായതിനെക്കുറിച്ചും ടിനു അഭിമുഖത്തിൽ സംസാരിച്ചു. സിനിമയെക്കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ലിജോ പെല്ലിശ്ശേരിയുടെ കൂടെ യാത്ര ചെയ്യാനുള്ള ഒരു അവസരമായാണ് ഈ സിനിമയെ കാണുന്നതെന്നും ടിനു കൂട്ടിച്ചേർത്തു.
‘സിനിമയെക്കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. പിന്നെ അതുപോലെ ലിജോ ചേട്ടൻറെ കൂടെ യാത്ര ചെയ്യാനുള്ള ഒരവസരമായിട്ടാണ് അതിനെ കാണുന്നത്,’ ടിനു പാപ്പച്ചൻ പറഞ്ഞു.
Content Highlight: Tinu pappachan about his film experience