| Tuesday, 10th October 2023, 3:20 pm

'മാസ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അയ്യങ്കാളി ആണെന്ന്, അദ്ദേഹത്തെക്കുറിച്ചൊരു മാസ് പടം ചെയ്യണമെന്നുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളിയെ ആസ്പദമാക്കി സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ. കേരളം തിരസ്കരിച്ച ചരിത്രമാണ് അയ്യങ്കാളിയുടേതെന്നും അദ്ദേഹത്തെ ആസ്പദമാക്കി ഒരു മാസ് സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. തന്റെ മനസ്സിൽ അയ്യങ്കാളി ഒരു മാസ് ഹീറോയാണെന്നും ടിനു കൂട്ടിച്ചേർത്തു.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാവേറാണ് ടിനു പാപ്പച്ചന്റെ പുതിയ ചിത്രം. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയ്യങ്കാളിയുടെ സിനിമ എടുക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അതിനുവേണ്ടി ഞാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ അത് ഇതുവരെ നടന്നിട്ടില്ല, ഭാവിയിൽ നടക്കുമോ എന്ന് അറിയില്ല. അതുപോലും കേരളം തിരസ്കരിച്ച ഒരു ചരിത്രമാണ്. എനിക്ക് വലിയ അറിവൊന്നുമില്ല, എന്നാലും ഞാൻ വായിച്ചിട്ടുള്ള അറിവിൽ നിന്നും, മാസ് ഹീറോ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അയ്യങ്കാളി ആണെന്ന്.

അദ്ദേഹത്തെ വെച്ച് ഒരു മാസ് സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് പുള്ളിയെ വെച്ച് ഒരു മാസ് സിനിമ എടുക്കണമെന്ന് ആഗ്രഹമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മാസ് ഹീറോയാണ്, പക്ഷേ കേരളം എത്രത്തോളം അദ്ദേഹത്തെ അഡ്രസ് ചെയ്തിട്ടുണ്ട് എന്ന് ചോദിച്ചാൽ എനിക്കറിയില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.

വിമർശിക്കപ്പെടേണ്ടതല്ലാത്ത ഒരു സിനിമയും താൻ ഇതുവരെ എടുത്തിട്ടില്ലെന്നും നാളെ എടുക്കാനും പറ്റുകയില്ലെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. ചാവേറിൽ പറഞ്ഞിരിക്കുന്ന ജാതി പൊളിറ്റിക്സ് കാലങ്ങളായി അഡ്രസ്സ് ചെയ്യപ്പെടുകയും പെടാതിരിക്കുകയും ചെയ്യുന്ന ഒന്നാണെന്നും തന്റെ സിനിമയിൽ വില്ലൻ ആരാണെന്ന് പറയുന്നില്ലെന്നും ടിനു കൂട്ടിച്ചേർത്തു.

‘പരിയേറും പെരുമാൾ എന്നെ വല്ലാതെ ഹോണ്ട് ചെയ്ത സിനിമയായിരുന്നു. അതൊരു മാസ്റ്റർ പീസ് ആണ്. സിനിമയിൽ ചില സ്ഥലങ്ങളിൽ സ്പൂൺ ഫീഡിങ് അത്യാവശ്യമാണ്. പരിയേറും പെരുമാളും മാമന്നനും ചാവേറുമെല്ലാം പറഞ്ഞിരിക്കുന്ന ജാതി പൊളിറ്റിക്സ് കാലങ്ങളായി അഡ്രസ്സ് ചെയ്യപ്പെടുകയും പെടാതിരിക്കുകയും ചെയ്യുന്ന ഒന്നാണ്. നമ്മുടെ സിനിമയിൽ വില്ലൻ ആരാണെന്ന് കാണിക്കുന്നില്ല, അയാൾക്ക് രൂപമില്ല ശബ്‌ദം മാത്രമേയുള്ളൂ.

താഴ്ന്ന ജാതിക്കാരനായ ഞാന്‍ ഒരു ഉയര്‍ന്ന ജാതിക്കാരന്റെ കുടുംബത്തിൽ അംഗമാകും എന്ന ഘട്ടത്തിലുള്ള ചിന്തയിലാണ് ജാതി മെക്കാനിസം ഏറ്റവും കൂടുതൽ വർക്ക്‌ ആവുന്നത്. അതാണ് ചാവേറിലും പറയുന്ന രാഷ്ട്രീയം. ബാക്കിയെല്ലാ സമയത്തും എല്ലാവരും ഒരുപോലെയാണ് എന്നൊക്കെ പുരോഗമനം പറയും.

പക്ഷേ അവർ നമ്മളുടെ കുടുംബത്തിൽ ഒരാളാവും എന്ന് പറയുന്നിടത്താണ് ജാതി ഏറ്റവും വർക്ക് ആവുന്നത്. അജഗജാന്തരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നിവ പ്രതീക്ഷിച്ച് ചാവേറിന് വരരുത്. അതിൽ നിന്ന് വ്യത്യസ്തമായി വേറൊരു പടം കാണാനുള്ള മൈൻഡ് സെറ്റിൽ വന്നാൽ മാത്രമേ ചാവേർ പ്രേക്ഷകർക്ക് വർക്ക്‌ ആവുകയുള്ളു. അടിപ്പടം ചെയ്യാൻ എനിക്കും ഇഷ്ടമാണ്. ഇനിയും ചെയ്യും. പക്ഷെ എല്ലാ സിനിമയും നമുക്ക് അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ,’ ടിനു പറയുന്നു.

Content Highlight: Tinu papachan wants to take a film about Ayyankali

We use cookies to give you the best possible experience. Learn more