സിനിമ തെരെഞ്ഞെടുക്കുന്നതിലും സിനിമക്ക് പുറത്തുള്ള പല കാര്യങ്ങളിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അഭിപ്രായങ്ങള്‍ താന്‍ പരിഗണിക്കാറുണ്ടെന്ന് സംവിധായകന്‍ ടിനു പാപച്ചന്‍. താന്‍ ചെയ്യേണ്ടിയിരുന്ന ചില സിനിമകളുടെ കഥ കേട്ടിട്ട് അദ്ദേഹം അത് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നും ചെയ്ത് കഴിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ട് ആയിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ടിനു പറഞ്ഞു.
ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിനു ഇക്കാര്യം വ്യക്തമാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ സിനിമയുടെ പുറത്തും സിനിമയിലും അദ്ദേഹം ഇന്‍ഫ്‌ലുവന്‍സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ടിനു ഈ മറുപടി പറഞ്ഞത്.
‘ഞാന്‍ ചെയ്യേണ്ട ചില കഥകള്‍ പുള്ളി കേട്ടിട്ട് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ഇത് നീ ചെയ്യേണ്ട ഔട്ട് ആയിപ്പോകും എന്നാണ് അദ്ദേഹം പറഞ്ഞത്, കേട്ട കഥകളില്‍ ഒന്ന് ഒഴിച്ച് ബാക്കി ഒന്നും സിനിമ ആയിട്ടില്ല. സിനിമ ആയ കഥ ഹിറ്റും ആയിരുന്നു, എന്നാല്‍ എനിക്ക് അതില്‍ ഒരു തരത്തിലും റിഗ്രറ്റില്ല കാരണം അത് വന്നപ്പോഴും എനിക്ക് വര്‍ക്ക് ആയിരുന്നില്ല; ടിനു പറഞ്ഞു
ഇത് മാത്രമല്ല സിനിമക്ക് പുറത്തുള്ള പല വ്യക്തിപരമായ കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിനും കൃത്യമായ ഉപദേശം ലിജോ നല്‍കാറുണ്ടെന്നും എന്നാല്‍ ചിലത് ഒന്നും താന്‍ കേള്‍ക്കാറില്ലന്നും ടിനു കൂട്ടിച്ചേര്‍ത്തു.
‘പല കാര്യങ്ങളിലും പുള്ളി പറയുന്നത് ഞാന്‍ കേള്‍ക്കാറില്ല. പിന്നീട് അത് അബദ്ധമാകുമ്പോള്‍ പുള്ളി എന്നെ ചീത്ത വിളിക്കാറുണ്ട്. സിനിമയില്‍ ആയാലും പുള്ളി പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ കേള്‍ക്കാറില്ല, ഞാന്‍ സിനിമയെടുക്കുമ്പോള്‍ എന്റെ കോള്‍ ആണല്ലോ. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എഡിറ്റ് കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ മാറ്റണം എന്ന് പുള്ളി പറഞ്ഞിരുന്നു ഞാന്‍ അത് ചെയ്തില്ല. പുള്ളി അതിനെ കാണുന്നത് കുറച്ച് ക്ലാസ് ആയി ഇരുന്നോട്ടെ എന്ന് കരുതിയാണ് ഞാന്‍ അത് മാസ്സ് ആയി ഇരുന്നോട്ടെ എന്നാണ് വിചാരിക്കുന്നത്’; ടിനു പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനില്‍ സഹ സംവിധായകനായി ടിനു പാപച്ചനും പ്രവര്‍ത്തിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറാണ് ടിനുവിന്റെ സംവിധാനത്തില്‍ പുറത്തുവരാന്‍ ഇരിക്കുന്ന അടുത്ത ചിത്രം.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. മുന്‍ ചിത്രങ്ങളെ പോലെ ആക്ഷന്‍ മോഡില്‍ തന്നെയാണ് ചാവേറും എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ മുഴുനീള ആക്ഷന്‍ ചിത്രം കൂടിയായിരിക്കും ചാവേര്‍. ജൂലൈയ് 20 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം റിലീസ് പിന്നീട് മാറ്റി വെക്കുകയായിരുന്നു.
Content Highlight: Tinu papachan saying that he takes advice from Lijo jose pallisery