മോഹൻലാൽ എന്ന അഭിനേതാവ് ഷൂട്ടിനിടെ തന്നെ വിസ്മയിപ്പിച്ച ഒരനുഭവം പങ്കുവെക്കുകയാണ് ടിനു പാപ്പച്ചൻ. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീൻ കണ്ടപ്പോൾ താൻ അമ്പരന്നു പോയെന്ന് ടിനു പറഞ്ഞു. ഇൻട്രൊഡക്ഷൻ സീനിലെ ഷോട്ടിൽ മോഹൻലാലിന്റെ ഒരു പ്രകടനം കണ്ടപ്പോൾ ലിജോ അത് പറഞ്ഞുകൊടുത്തോയെന്ന് ചോദിച്ചപ്പോൾ അത് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതിലെ ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ സീക്വൻസ് അത് എന്താണെന്ന് ഞാൻ പറയുന്നില്ല. ഒരു സീൻ ഉണ്ട്. ആ സീനിലെ ഷോട്ട് കഴിഞ്ഞു. അത് കഴിഞ്ഞപ്പോൾ ഇത് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നോ എന്ന് ഞാൻ ലിജോ ചേട്ടനെ വിളിച്ചു ചോദിച്ചു. ‘ഇല്ലല്ലോ, അതുകൊണ്ടാണ് പുള്ളി 35 വർഷമായി സൂപ്പർസ്റ്റാർ ആയിട്ട് നിൽക്കുന്നത്, അത് പറയേണ്ട ആവശ്യമില്ല’ എന്ന് ലിജോ ചേട്ടന്റെ മറുപടി,’ ടിനു പാപ്പച്ചൻ പറഞ്ഞു. ആർട്ടും കൊമേർഷ്യലും കോർത്തിണക്കിയ ഒരു സിനിമയായിരിക്കും വാലിബനെന്നും ടിനു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ എത്തുന്ന മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിലെത്തും.മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തി ലിജോ ജോസ് സംവിധാനം ചെയ്ത ‘നന്പകൾ നേരത്ത് മയക്കം’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Content Highlight: Tinu Papachan about mohanla’s acting