| Monday, 23rd October 2023, 10:26 am

ചുരുളി പോലൊരു സിനിമയാണ് മലൈക്കോട്ടെ വാലിബനെങ്കിൽ അതിന്റെ ഭാഗമാകില്ലായിരുന്നു: ടിനു പാപ്പച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലൈക്കോട്ടെ വാലിബൻ വലിയൊരു സിനിമയായതുകൊണ്ടാണ് വർക്ക് ചെയ്തതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ. ചുരുളി പോലെയുള്ള ഒരു പടമാണെങ്കിൽ താൻ പോകില്ലായിരുന്നെന്നും അതൊരു വലിയ പടമായതുകൊണ്ടാണ് പോയതെന്നും ടിനു പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി തന്നോട് വർക്ക് ചെയ്യാൻ പറഞ്ഞെന്നും അതുകൊണ്ട് താൻ പോയെന്നും ടിനു കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലൈക്കോട്ടെ വാലിബൻ വലിയൊരു സിനിമ ആയതുകൊണ്ട് അതിന് കുറേ ആളുകളെ ആവശ്യമുണ്ടായിരുന്നു. ചുരുളി പോലുള്ള ചെറിയ പടം ആണെങ്കിൽ ഞാൻ പോകില്ലായിരുന്നു. ഒരു വലിയ പടം ആയതുകൊണ്ട് അതിന് ആരെങ്കിലുമൊക്കെ വേണമെന്ന് തോന്നി. ലിജോ ചേട്ടൻ വർക്ക് ചെയ്യാൻ പറഞ്ഞു ഞാൻ പോയി,’ ടിനു പറഞ്ഞു.

താനും ലിജോ പെല്ലിശ്ശേരിയുമൊത്തുള്ള യാത്രകളെക്കുറിച്ചും അതിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചും ടിനു അഭിമുഖത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്. ലിജോയും താനും ഭക്ഷണ പ്രിയരാണെന്നും അത് അന്വേഷിച്ചാണ് തങ്ങൾ യാത്ര ചെയ്യാറുള്ളതെന്നും ടിനു കൂട്ടിച്ചേർത്തു. യാത്രയിൽ താൻ കാണാത്ത മ്യൂസിക്കും സിനിമയും അദ്ദേഹം തനിക്ക് കാണിച്ചു തരാറുണ്ടെന്നും ടിനു പറയുന്നുണ്ട്.

‘ഞാനും പുള്ളിയും നന്നായിട്ട് ഫുഡ് ഇഷ്ടപ്പെടുന്ന ആളുകളാണ്. അത് അന്വേഷിച്ചായിരിക്കും കൂടുതൽ യാത്ര ചെയ്യുക. എവിടെയെങ്കിലും പോകും അവിടെ ഇരിക്കും. ഇരിക്കുമ്പോൾ അധികവും സിനിമ അല്ലെങ്കിൽ മ്യൂസിക് ഇടും. അത് കേൾക്കും, അത് കാണും. അതാണ് അതിൽ ഏറ്റവും വലിയ ഹൈലൈറ്റ്. അതുപോലെ നമുക്ക് പഠിക്കാനുള്ള ഒരു അവസരവും അതാണ്.

മ്യൂസിക്കും സിനിമയും യാത്രയിൽ വന്നു കൊണ്ടേയിരിക്കും. അത് എനിക്ക് ഇഷ്ടമാണ്. നമ്മൾ കാണാത്ത സിനിമ, നമ്മൾ കേൾക്കാത്ത മ്യൂസിക്ക് അതൊക്കെ കാണാനും കേൾക്കാനും നല്ല എക്സൈറ്റ്മെന്റാണ്. അതൊക്കെ കാണാനുള്ള ഒരു അവസരമാണ്. പുള്ളി പടം കാണാൻ സജസ്റ്റ് ചെയ്യാറില്ല പകരം റൂമിൽ പിടിച്ചിടും. ഇവിടെയിരുന്ന് കണ്ടുകൊള്ളാൻ പറയും. പടം ഇട്ടു തന്നിട്ട് പുള്ളി പോകും.

സിനിമയെപ്പറ്റി മാത്രമാണ് പുള്ളി സംസാരിക്കുക, വേറെ ഒന്നിനെ പറ്റിയും സംസാരിക്കുകയില്ല. 24 മണിക്കൂറും പുള്ളി സിനിമയെ കുറിച്ചാണ് സംസാരിക്കുക. അത്രയും പാഷനേറ്റ് ആയിട്ടുള്ള ഒരാളെ കാണാൻ പറ്റില്ല,’ ടിനു പാപ്പച്ചൻ പറഞ്ഞു.

ചാവേർ സിനിമ കണ്ടതിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി വിളിച്ച് തന്റെ ഏറ്റവും നല്ല സിനിമയാണെന്ന് പറഞ്ഞിരുന്നെന്നും ടിനു അഭിമുഖത്തിൽ പറഞ്ഞു.

‘ഓരോ സിനിമ കഴിയുമ്പോഴും ഒരു ഫിലിം മേക്കർ എന്ന നിലയിൽ മുന്നോട്ട് ആണല്ലോ പോകേണ്ടത്. അതുകൊണ്ട് കുറച്ച് മുന്നോട്ടു പോയതുകൊണ്ടാണ് പുള്ളി അങ്ങനെ പറഞ്ഞതെന്ന് ഞാൻ വിശ്വസിക്കുന്നത്. ഫോൺ വിളിച്ചിട്ടാണ് എന്നോട് അത് പറയുന്നത്. ‘നിന്റെ ഏറ്റവും നല്ല സിനിമ ഇതാണ് പക്ഷേ കുറച്ച് കറക്ഷൻസ് ഉണ്ട്, അതൊന്നു ചെയ്തേക്കണം’ എന്ന് പുള്ളി പറഞ്ഞു. പുള്ളി പറഞ്ഞ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളൊക്കെ ഞാൻ ചെയ്തു,’ ടിനു കൂട്ടിച്ചേർത്തു.

Content Highlight: Tinu papachan about lijo jose pellisheri

We use cookies to give you the best possible experience. Learn more