| Tuesday, 8th September 2020, 2:03 pm

'പിച്ചക്കാരോടും സെക്‌സ്‌വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ'; ടിനിടോമിന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് സെക്‌സ് വര്‍ക്ക് ചെയ്യേണ്ടിവരുന്നതെന്ന ടിനിടോമിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടിനിടോം നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായി മാറിയിരിക്കുന്നത്. പിച്ചക്കാരോടും സെകസ്‌വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് സെക്‌സ്‌വര്‍ക്ക് ചെയ്യുന്നതെന്നും അഭിമുഖത്തില്‍ ടിനിടോം പറയുന്നു.

‘നമ്മളൊരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ഗതികേടുകൊണ്ടായിരിക്കും അവരങ്ങനെ ആയിപ്പോയത്. ആ പാവങ്ങള്‍ക്കൊന്നും കിട്ടാനില്ല, അവരവരുടെ ശരീരം വരെ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ’, ടിനി ടോം പറയുന്നു.

സ്‌കില്‍ ഇല്ലാത്തതുകൊണ്ടാണ് അവര്‍ക്കൊന്നും ഡെവലെപ് ചെയ്യാന്‍ പറ്റാത്തതെന്നും ടിനിടോം അഭിമുഖത്തില്‍ പറയുന്നു. ടിനിടോമിന്റെ ഈ പരാമര്‍ശങ്ങള്‍ അധിക്ഷേപിക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രതികരിച്ചത്.

‘അത്യാവശ്യം സ്ത്രീവിരുദ്ധതയും, ഹോമോഫോബിയയും, സെക്‌സിസ്റ്റ് റേസിസ്റ്റ് ജോക്കുകളും, ദളിത് വിരുദ്ധതയും, ജാതീയതയുമൊക്കെ സിമ്പിള്‍ ആയിട്ട് പൊതു തമാശയായി ന്യായീകരിക്കുന്ന ഒരു സാമൂഹിക ജീവിയാണ് ടിനിടോം’, ഷാന്‍ സഹയാത്രികന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്രിയമുള്ള ടിനിടോം ഇത്തരം കോമഡി ഷോ ഒരു പാട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കളിയാകുകയും മനോവിഷമത്തിലാക്കുകയും ച്ചെയുന്നുണ്ട് നിങ്ങള്‍ക്ക് തമാശ കാണിക്കാന്‍ മറ്റെതല്ലാം വിഷയങ്ങള്‍ എടുക്കാം ദളിതരെയും ആദിവാസികളെയും കറുത്തവരെയും ഗെ ,ട്രാന്‍സ്‌ജെന്റര്‍ സ്ത്രീകള്‍ എന്നിവരെയും ഒക്കെ നിങ്ങള്‍ കലാ കാലങ്ങളായി കളിയാക്കി മതിയായില്ലെ. ജീവിച്ച് ബുദ്ധിമുട്ടുന്ന മനുഷ്യരെ കളിയാക്കി വേണോ നിങ്ങള്‍ക്ക് ഇനിയും അരി മേടിക്കാന്‍’., ട്രാന്‍സ്ജന്റര് ശീതള്‍ ശ്യാം ഫേസ്ബുക്കിലൂടെ പറയുന്നു

സാമൂഹിക ബോധമുള്ള ഒരു കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ചിലര്‍ പറഞ്ഞു. നേരത്തേ കോമഡിഷോകളിലെ ബോഡിഷെയ്മിംഗിനും വര്‍ഗീയപരാമര്‍ശങ്ങള്‍ക്കുമെതിരെ രംഗത്തുവന്ന ഗായത്രിയെന്ന യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ ടിനിടോം നടത്തിയ പരാമര്‍ശവും വിവാദത്തിലായിരുന്നു. ടിനിടോം ഭീഷണിപ്പെടുത്തിയെന്നും ഗായത്രി പരാതിപ്പെട്ടിരുന്നു.

ഈ വിഷയത്തിലും ടിനിടോം അഭിമുഖത്തില്‍ പ്രതികരിക്കുന്നുണ്ട്. തനിക്കെതിരെ വരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ മൂക്കിലെ രോമം പോലെയാണെന്നും ടിനിടോം പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: tinitoms statement about sexworkers criticised in socialmedia

Latest Stories

We use cookies to give you the best possible experience. Learn more