ഓപ്പറേഷന്‍ അരാപ്പൈമ എന്ന തന്റെ പുതിയ തമിഴ് സിനിമയില്‍ ട്രാന്‍സ് പേഴ്‌സണായിട്ടാണ് നടന്‍ ടിനി ടോം എത്തുന്നത്. എന്നാല്‍ ആ വേഷത്തില്‍ മാനസികമായെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്ന് പറയുകയാണ് താരം. മസില് പിടിച്ച് നടക്കാനാണ് ബുദ്ധിമുട്ടെന്നും സ്ത്രീയായി ജീവിക്കുന്നതാണ് സുഖമെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ് പേഴ്‌സണുകളെ അടുത്തറിഞ്ഞത് മുതല്‍ അവരെ കാണുമ്പോള്‍ കണ്ണ് നിറയുമെന്നും ടിനി ടോം സില്ലി മോങ്ക് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എനിക്ക് സ്‌ത്രൈണത കാണിക്കാനും നടക്കാനുമൊക്കെ ഇഷ്ടമാണ്. മസില് പിടിച്ച് നടക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. കുണുങ്ങി നടക്കുമ്പോള്‍ നല്ല സുഖമാണ്. എന്റെ നില്‍പ്പിലൊക്കെ അതുണ്ട്. പിന്നെയത് മാറ്റിയെടുത്തതാണ്.
ഞാന്‍ അങ്ങനെയാണെന്നല്ല ഉദ്ദേശിച്ചത്. അത് എന്റെ സുഖം കൊണ്ടാണ്. കുറച്ച് സ്ത്രീയായി ജീവിക്കുന്നത് നല്ല സുഖമാണ്. ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ പൊളിറ്റിക്കല്‍ കറക്ടനസുണ്ടോ എന്ന് പറയും. എയറിലാകും. എന്നാലും കുഴപ്പമില്ല, ഞാന്‍ പറയാനുള്ളത് പറയും.
കുറച്ചം സ്ത്രീത്വം ഉണ്ടെന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഒരു അനുകമ്പയുണ്ട്. ആണുങ്ങളൊക്കെ ക്രൂരന്മാര്‍ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.
സ്‌ത്രൈണത എന്റെ ഉള്ളിലുണ്ട്. അതുപോലെ നടക്കുകയോ ചേഷ്ടകളുണ്ടാവുകയോ ഇല്ല.
പക്ഷേ ട്രാന്‍സ് വ്യക്തികളെ കുറിച്ച് ഞാന്‍ മനസിലാക്കിയതിന് ശേഷം അവരെ കാണുമ്പോള്‍ കണ്ണ് നിറയാന്‍ തുടങ്ങി. പലര്‍ക്കും ചിരി തോന്നുമായിരിക്കും. ഞങ്ങളും മിമിക്രിയിലൊക്കെ ഒരുപാട് കോമഡിയായി ചെയ്തിട്ടുണ്ട്.
അവര്‍ ചെയ്ത ഓപ്പറേഷനും അവര്‍ അനുഭവിച്ച വേദനയും അംഗീകരിക്കപ്പെടാതെ പോയതും, ഒന്ന് ഓര്‍ത്തു നോക്കൂ. നമുക്ക് നാട്ടിലും അംഗീകാരമില്ല, വീട്ടിലും അംഗീകാരമില്ല, ജോലി കിട്ടുന്നില്ല, അങ്ങനൊരു അവസ്ഥയിലാണ് കടന്ന് പോകുന്നതെങ്കിലോ.
ഇങ്ങനെ ജനിച്ചത് എന്റെ കുറ്റമല്ലല്ലോ. ഞാന്‍ മീശയും താടിയും വെച്ച് ജനിച്ചതും ഇന്ന ജാതിയില്‍ ജനിച്ചതും എന്റെ ചോഴ്‌സല്ല. നമ്മള്‍ അറിയാതെ സംഭവിച്ച് പോയതാണ്. പിന്നെ നമ്മള്‍ അതില്‍ അഭിമാനിക്കുന്ന ആള്‍ക്കാരാകും.
അവരുടെ ഭാഗത്ത് നിന്നും നമ്മള്‍ ചിന്തിക്കണം. അവരുടെ മനസാണ് ഞാന്‍ ആദ്യം മനസിലാക്കുന്നത്. അവര്‍ക്ക് ഉണ്ടാകുന്ന വേദന പിന്നീട് ദേഷ്യത്തിലേക്ക് എത്തും. എല്ലായിടത്ത് നിന്നും പുറത്തായി കഴിഞ്ഞാലുള്ള ദേഷ്യമുണ്ടല്ലോ, അത് തന്നെയാണ് തെരുവു നായ്ക്കള്‍ക്ക് സംഭവിക്കുന്നത്,’ ടിനി ടോം പറഞ്ഞു.
പ്രഷ് സംവിധായകനും എഴുത്തുകാരനുമായ സിനിമയില്‍ റഹ്‌മാനാണ് പ്രധാന കഥാപാത്രമായെത്തുന്നത്. അഭിനയ, അനൂപ് ചന്ദ്രന്‍, ബാലാജി ശര്‍മ, അരവിന്ദ് ആകാശ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.