വീട്ടില്‍ കയറിയാല്‍ പിന്നെ സിനിമാ നടനാകരുതെന്നും ഒരു കുടുംബനാഥനായിരിക്കണമെന്നുമാണ് മമ്മൂട്ടി തനിക്ക് തന്നിട്ടുള്ള ഒരേയൊരു ഉപദേശമെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍, മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് അദ്ദേഹം തനിക്ക് തന്നിട്ടുള്ള ഒരേയൊരു ഉപദേശത്തെക്കുറിച്ച് ടിനി ടോം സംസാരിച്ചത്.
”എന്റെയടുത്ത് മമ്മൂക്ക ആകെ ഒരൊറ്റ ഉപദേശമേ തന്നിട്ടുള്ളൂ. നീ തമിഴ് സിനിമയിലേക്ക് പോകണം, തെലുങ്കില്‍ കയറണം, എന്നൊന്നുമല്ല അത്.
വീട്ടില്‍ കാലെടുത്ത് വെച്ചാല്‍ ഒരു കുടുംബനാഥനായിരിക്കണം, അത് നമുക്ക് ഒരിക്കലും കിട്ടില്ല എന്നാണ് എന്നോട് പറയാറുള്ളത്. പലര്‍ക്കും ചിലപ്പൊ പല കാരണങ്ങള്‍ കൊണ്ട് കുടുംബം നഷ്ടപ്പെട്ടിട്ടുണ്ടാകും.
മമ്മൂക്കയുടെ ആ ഉപദേശം ഞാന്‍ വളരെ പ്രഷ്യസ് ആയി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
അത്ര സേഫല്ല എന്ന് തോന്നിയാല്‍ ഞാന്‍ വൈഫിനെയും മകനെയും കൊണ്ടുവരാറില്ല. ഞാനെന്തൊക്കെയായിരിക്കും പറയുക എന്ന് ഭാര്യക്ക് പറയാന്‍ പറ്റില്ല. അതിന്റെ കാര്യങ്ങള്‍ ഏറ്റുവാങ്ങാന്‍ അവര്‍ക്ക് താല്‍പര്യമില്ല.
അവളൊരു കുടുംബിനിയാണ്. നമ്മള്‍ പറയുന്ന എന്തെങ്കിലും ഒരു ഇഷ്യൂ ആവുകയാണെങ്കില്‍ അത് അവരെ ബാധിക്കരുതെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് ഞാനവരെ ഒരു തള്ളക്കോഴിയെ പോലെ സംരക്ഷിക്കുന്നത്.
മകന്‍ നാടകത്തില്‍ അഭിനയിക്കുന്നുണ്ട്, അവന് മിമിക്രിയില്‍ താല്‍പര്യമില്ല. അവനും എന്റെ മിമിക്രി അംഗീകരിച്ചിട്ടില്ല,” ടിനി ടോം പറഞ്ഞു.
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടാണ് ടിനി ടോം അഭിനയിച്ച് ഏറ്റവുമൊടുവില്‍ റിലീസായ ചിത്രം. ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തിയ പാപ്പനില്‍ ടിനി ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ടില്‍ കുഞ്ഞുപിള്ള എന്ന കഥാപാത്രമായാണ് ടിനി ടോം എത്തുന്നത്.
Content Highlight: Tini Tom talks about the only advice Mammootty gave him