പൃഥിരാജ് സുകുമാരനെ നായകനാക്കി രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരുന്നത്. 2011ലായിരുന്നു ഈ ചിത്രം റിലീസിന് എത്തിയത്.
ഇന്ത്യന്‍ റുപ്പിയില്‍ ടിനി ടോമും ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം.
‘പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ റുപ്പി വരുന്നത്. പൃഥ്വിരാജിന്റെ കൂടെ തന്നെയുള്ള കഥാപാത്രമായിരുന്നു അത്. രാജുവിന്റെ കൂടെയുള്ള നിമിഷങ്ങള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. തുറന്ന മനസുള്ള ആളായിരുന്നു രാജു.
ഉള്ള കാര്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് എനിക്ക് എന്റെ സ്വഭാവം പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളൊക്കെ കറക്റ്റ് സിങ്കായിരുന്നു. രാജു ആ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടെയായിരുന്നു.
ആ സിനിമയില്‍ വരാത്ത ഒരു സീന്‍ ഉണ്ടായിരുന്നു. രാജു നല്ല പ്രൊഡ്യൂസറാണെന്ന് മനസിലാകുന്നത് എനിക്ക് ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു. രാജുവിന്റെ വീട്ടിലേക്ക് മീന്‍ വാങ്ങി കൊണ്ടുപോകുന്ന സീനാണ് അത്.
ആ സീന്‍ രാത്രി എട്ട് മണിക്കേ എടുക്കാന്‍ കഴിയുള്ളൂ. അതായത് അവിടുന്ന് മീന്‍ വാങ്ങി ഞങ്ങള്‍ ഒരുമിച്ചിട്ട് പോകുന്ന സീന്‍. ആ സീന്‍ എടുക്കാന്‍ പോകുമ്പോഴേക്കും എന്നും മഴ പെയ്യും. വലിയ മീനാണ് ഓരോ ദിവസവും വേസ്റ്റ് ആയിരുന്നത്.
നാലായിരമോ അയ്യായിരമോ രൂപ വരുന്ന മീനാണ് ദിവസവും വാങ്ങുന്നത്. മൂന്നു ദിവസം ഞങ്ങള്‍ ഷൂട്ട് ചെയ്തു. അങ്ങനെ ഒരു ദിവസം ഞാന്‍ രാജുവിനോട് ഇത് വലിയ നഷ്ടമല്ലേയെന്ന് ചോദിച്ചു. ‘മിസ്റ്റര്‍ ടിനി ടോം താങ്കള്‍ ഉച്ചക്ക് കഴിക്കുന്ന ഭക്ഷണം എന്താണ്’ എന്ന് രാജു തിരിച്ചു ചോദിച്ചു.
മീനും ചോറുമെന്ന് പറഞ്ഞപ്പോള്‍ ‘ഇന്ന് വാങ്ങുന്ന മീന്‍ നാളെ നിങ്ങള്‍ക്ക് ഭക്ഷണമായി തരികയാണ്’ എന്ന് രാജു പറഞ്ഞപ്പോഴാണ് രാജു നല്ല പ്രൊഡ്യൂസറാണ് എന്ന് എനിക്ക് മനസിലാകുന്നത്.
പുള്ളി വാങ്ങുന്നത് കളയുന്നില്ല, പിറ്റേന്ന് ഉപയോഗിക്കുന്നുണ്ട്. കാര്യം നിസാരമാണെങ്കിലും കൃത്യമായി പ്ലാന്‍ ചെയ്തിട്ടാണ് രാജു അതൊക്കെ ചെയ്യുന്നത്. ഇന്ന് അയ്യായിരം രൂപക്ക് മീന്‍ വാങ്ങിയാല്‍ നാളെ അത് ലൊക്കേഷനിലെ ഫുഡാണ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ആണെങ്കില്‍ യൂണിറ്റില്‍ ഉള്ള എല്ലാവര്‍ക്കും ഒരുപോലെയുള്ള സ്ഥലതാമസവും ഭക്ഷണവുമാണ്,’ ടിനി ടോം പറഞ്ഞു.
Content Highlight: Tini Tom Talks About Prithviraj Sukumaran