ഷെഫീക്കിന്റെ സന്തോഷം എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം. ഈ സമയവും കടന്ന് പോകുമെന്നും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി ടിനി ടോം കുറിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന് പ്രൊഡ്യൂസ് ചെയ്ത ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ബാല രംഗത്ത് വന്നത്. ഇത് വലിയ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും വഴിവെച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന് മാധ്യമങ്ങളെ കണ്ട് ബാലയുടെ മുഴുവന്‍ ആരോപണങ്ങളും തള്ളിയിരുന്നു.
ബാലക്ക് ചിത്രത്തില്‍ അഭിനയിച്ചതിന് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ നടന് തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്റുകളും മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ബാല പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങാതിരുന്ന കാര്യവും ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്നെയാണ് ബാലയുടെ പ്രതികരണം.
അതേസമയം, ഒരു ചാനല്‍ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ട് സംസാരിച്ചതിന് പിന്നാലെയാണ് ബാലയും ഉണ്ണി മുകുന്ദനുമായുള്ള ടിനി ടോമിന്റെ സൗഹൃദം ചര്‍ച്ചയായിരുന്നത്. ‘നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്, അണൂപ് മേനോന്…’ എന്ന വീഡിയോയിലെ ഡയലോഗ് ഏറെ വൈറലായിരുന്നു.
ബാല സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട അനുഭവമായിരുന്നു അന്ന് ടിനി ടോം ചാനല്‍ ഷോയ്ക്കിടെ പങ്കുവെച്ചിരുന്നത്. തന്നെ മോശമായി ചിത്രീകരിച്ചുവെന്ന എതിര്‍പ്പുമായി ബാല പിന്നാലെ രംഗത്തുവന്നിരുന്നെങ്കിലും, പിന്നീട് മൂവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ടിനി ടോം തന്നെ പങ്കുവെച്ചിരുന്നു.