Entertainment news
അങ്ങേര് സെറ്റില്‍ ഓരോരുത്തരെ വഴക്ക് പറയുമ്പോള്‍ ഞാനിരുന്ന് ചിരിക്കും; മാഫിയ ശശിയൊക്കെ കൈകൂപ്പിക്കൊണ്ടാണ് നില്‍ക്കുക: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 03, 08:28 am
Monday, 3rd October 2022, 1:58 pm

മലയാളത്തിന് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച സീനിയര്‍ സംവിധായകരിലൊരാളാണ് ജോഷി. ഒടുവില്‍ പുറത്തുവന്ന ജോഷി ചിത്രങ്ങളായ പൊറിഞ്ചു മറിയം ജോസും പാപ്പനും വമ്പന്‍ ഹിറ്റുകളായിരുന്നു.

ജോഷിയുടെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടനും മിമിക്രി താരവുമായ ടിനി ടോം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സുരേഷ് ഗോപി നിര്‍ദേശിച്ചത് കാരണമാണ് താന്‍ ആദ്യമായി ജോഷി സാറിനെ ചെന്ന് കണ്ടതെന്നും ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് അഭിനയിച്ച സെറ്റാണ് ജോഷി സാറിന്റെ സിനിമയെന്നുമാണ് ടിനി ടോം പറയുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പനി’ല്‍ ടിനി ടോം ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

”ജോഷി സാറിന്റെ അടുത്ത് പോകണം എന്നുള്ളത് എന്റെ ദൃഢനിശ്ചയമായിരുന്നു. അതിന് കാരണം സുരേഷേട്ടന്‍ തന്നെയാണ് (സുരേഷ് ഗോപി). ‘നീ പൂര്‍ണനാകണമെങ്കില്‍ ജോഷി സാറിന്റെ അടുത്ത് പോയി അഭിനയിക്കണം (സുരേഷ് ഗോപി ടോണില്‍) എന്നൊക്കെ എന്നോട് പറഞ്ഞു.

പിന്നെ എല്ലാവരും ജോഷി സാറിനെ കുറിച്ച് ഓരോന്ന് പറയാന്‍ തുടങ്ങി, ജോഷി സാറ് വലിയ സംഭവമാണ് എന്നൊക്കെ. ഞാന്‍ ഇന്ത്യന്‍ റുപ്പിയൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു.

ഞാന്‍ ജീവിതത്തില്‍ ഏറ്റവും എന്‍ജോയ് ചെയ്ത് അഭിനയിച്ച സെറ്റ് ജോഷി സാറിന്റെയാണ്. കാരണം അങ്ങേര് ഓരോരുത്തരെ വഴക്ക് പറയുമ്പോള്‍ ഞാനിങ്ങനെ ഇരുന്ന് ചിരിക്കും. ‘നിനക്കെന്താടാ’ എന്ന് സാറ് എന്നോട് ചോദിക്കും.

ഈ മാഫിയ ശശി എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ മനസില്‍ ദേഷ്യത്തോടെ ‘ഡേയ് ശരവണാ, ഇങ്കെ വാ…’ എന്നൊക്കെ പറയുന്ന ആളാണ്. പക്ഷെ അങ്ങേര് ജോഷി സാറിന്റെ മുന്നിലെത്തിയാല്‍ കൈകൂപ്പിക്കൊണ്ടാണ് ‘ജോഷി സാര്‍ അടുത്തതെന്താണ്’ എന്ന് ചോദിക്കുക. ജോഷി സാര്‍ ഇടയ്ക്ക് വലിയ അലര്‍ച്ചയൊക്കെയാണ്.

ഇത്രയും വലിയ ഭയങ്കരന്മാരൊക്കെ ജോഷി സാറിന്റെ മുന്നില്‍ പാവമാണ്.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് സീനിയറായ വെറ്ററന്‍ സീസണ്‍ഡ് ആക്ടര്‍ വിജയരാഘവന്‍ ചേട്ടനൊക്കെ ജോഷി സാറിന്റെ അതേ പ്രായമാണ്. പക്ഷെ അദ്ദേഹം പോലും ഒരു സ്റ്റുഡന്റിനെ പോലെയാണ് അദ്ദേഹം ജോഷി സാറിന്റെ മുന്നില്‍ നില്‍ക്കുക,” ടിനി ടോം പറഞ്ഞു.

പാപ്പനില്‍ ജോഷിയുടെ സംവിധാനത്തില്‍ പൊലീസ് വേഷം ചെയ്തതിനെ കുറിച്ചും ടിനി ടോം അഭിമുഖത്തില്‍ സംസാരിച്ചു.

ഒരു പൊലീസ് വേഷമിട്ട് നില്‍ക്കണമെങ്കില്‍ നമുക്ക് ഇത്തിരി തൊലിക്കട്ടി വേണം. ജോഷി സാര്‍ കാണാത്തതൊന്നുമല്ലല്ലോ പൊലീസ് വേഷം. അടിമുടി ഒന്ന് നോക്കിയിട്ട്, ‘ബലം അധികം വേണ്ട, മറ്റേ ആള് നടക്കുന്ന പോലെ നടക്കണ്ട, കേട്ടോ,’ എന്നൊക്കെ പറയും,” താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Tini Tom shares his experience acting under Joshiy’s directorial