| Sunday, 15th December 2024, 10:29 am

എന്നെ മമ്മൂക്കയുടെ ഡ്യൂപ്പാക്കിയത് ആ സംവിധായകന്‍; മലയാള സിനിമയിലേക്ക് ഇന്‍ ആയത് അങ്ങനെ: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എന്നാല്‍ മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

മമ്മൂട്ടിയെ അനുകരിച്ചുകൊണ്ടാണ് ടിനി ടോം ശ്രദ്ധേയനാകുന്നത്. സംവിധായകന്‍ വിനയനാണ് തന്നെ മമ്മൂട്ടിയുടെ ഡ്യുപ്പാക്കിയതെന്ന് പറയുകയാണ് ടിനി ടോം. ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് താന്‍ മമ്മൂട്ടിയുടെ ഡ്യുപ്പായതെന്നും ആ ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ ആയിരുന്നെന്നും ടിനി ടോം പറഞ്ഞു.

സ്റ്റേജില്‍ ചെയ്യുന്ന പോലെ ചെയ്താല്‍ മതിയെന്ന് വിനയന്‍ തന്നോട് പറഞ്ഞെന്നും ഗ്രാഫിക്‌സിന്റെ ടീം വന്ന് മമ്മൂട്ടിയുടെ മുഖം വെട്ടി ചേര്‍ക്കാം എന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായെന്നും വിനയനെ ഫെഫ്ക്കയില്‍ നിന്ന് പുറത്താക്കിയെന്നും എന്നാല്‍ ആ സിനിമ വഴി താന്‍ മലയാള സിനിമയിലേക്ക് ഇന്‍ ആയെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.

‘വിനയന്‍ സാറാണ് എന്നെ സത്യത്തില്‍ മമ്മൂക്കയുടെ ഡ്യുപ്പാക്കുന്നത്. ബോയ്ഫ്രണ്ട് എന്ന് പറയുന്ന സിനിമയില്‍. അദ്ദേഹം വളരെ ടെക്‌നോളജി കൊണ്ട് വരുന്നൊരു ആളാണല്ലോ. ‘ടിനി ടോമി, ഇതൊരു പ്രത്യേകതരം സിനിമയാണ്. ഒരു കോളേജിലേക്ക് മമ്മൂട്ടിയെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതൊക്കെയാണ്. നിന്നെ ഞാന്‍ മമ്മൂട്ടിയാക്കി എടുത്തോളാം’ എന്ന് അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു.

അതിന് മുമ്പ് ഞാന്‍ സ്റ്റേജിലെല്ലാം മമ്മുക്കയെ അനുകരിക്കാറുണ്ടായിരുന്നു. ‘നീ സ്റ്റേജില്‍ ചെയ്യുന്നതുപോലെതന്നെ നമുക്ക് ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞിട്ടാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെ ഗ്രാഫിക്‌സിന്റെ ഒരു വലിയ ടീം എന്റെ അടുത്ത് വന്നിട്ട് എന്താണ് ചെയ്യാന്‍ പോകുന്നതെല്ലാം പറഞ്ഞു. നമുക്ക് മുഖം കട്ട് ചെയ്തിട്ട് മമ്മൂക്കയുടെ മുഖം കയറ്റാം എന്നാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ ആ സിനിമ ഇറങ്ങിയത് ശേഷം വലിയ പ്രശ്നമായി. വിനയന്‍ സാര്‍ ഫെഫ്ക്കയില്‍ നിന്ന് ഔട്ടായി. ഞാന്‍ സിനിമയില്‍ ഇന്‍ ആയി,’ ടിനി ടോം പറയുന്നു.

Content Highlight: Tini Tom Says Vinayan Introduced Him As Dupe Of Mammootty In Boyfriend Movie

We use cookies to give you the best possible experience. Learn more