പ്രധാനമന്ത്രിയെ ട്രോളാമെങ്കില്‍ എന്നെയും ട്രോളാം, ഞാന്‍ പറഞ്ഞത് അവര്‍ തെറ്റായി വ്യാഖ്യാനിച്ചു: ടിനി ടോം
Entertainment news
പ്രധാനമന്ത്രിയെ ട്രോളാമെങ്കില്‍ എന്നെയും ട്രോളാം, ഞാന്‍ പറഞ്ഞത് അവര്‍ തെറ്റായി വ്യാഖ്യാനിച്ചു: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd August 2022, 8:27 pm

ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ സുരേഷ് ഗോപി നായകനായ പാപ്പന്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നോട്ടുപോകുകയാണ്. സുരേഷ് ഗോപിക്ക് പുറമെ ഗോകുല്‍ സുരേഷ്, ടിനി ടോം, നൈല ഉഷ, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പാപ്പന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടിനി ടോം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്നെ ട്രോള്‍ ചെയ്യുന്നവരെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ടിനി ടോം എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അഭിമുഖത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടനിപ്പോള്‍.

താന്‍ മോശം കമന്റിടുന്നവരെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബാഡ് കമന്റ്‌സ് ഇടുന്നവരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അവര് മനസ് വിഷമിപ്പിക്കുന്നവരാണ്. എന്റെ ഒരുപാട് സുഹൃത്തുക്കളുണ്ട് ട്രോളന്മാരായിട്ട്. നമ്മള്‍ ഐഡിയാസ് പരസ്പരം പങ്കുവെക്കാറുണ്ട്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും ഒക്കെ ട്രോളാമെങ്കില്‍ എന്നെ ട്രോളാന്‍ പാടില്ലെന്ന് ഞാന്‍ ഒരിക്കലും പറയാന്‍ പാടില്ല. കാരണം ഞാന്‍ ട്രോളിന്റെ ഒരു ഭാഗം തന്നെയാണ്.

മിമിക്രി എന്ന് പറയുന്ന പ്രോഗ്രാം ട്രോളിങ് തന്നെയായിരുന്നു. ട്രോളേഴ്‌സ് നമ്മുടെ ഫാമിലിയില്‍ പെട്ടവര്‍ തന്നെയാണ്. ഏറ്റവും ഗംഭീരമായും ഭൗതികമായും സെന്‍സിബിളായുമുള്ള കോമഡികളൊക്കെ ചെയ്യുന്നത് ട്രോളന്മാരാണ്.

ട്രോളന്മാര്‍ക്ക് അവരുടെ ലൈഫ് ആണ് ട്രോള്‍. അതില്‍ നിന്ന് അവര്‍ക്ക് സമ്പാദ്യം കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ ചെയ്യുന്ന ചാരിറ്റി പരിപാടികളില്‍ ഒരു നല്ല പരിപാടിയാണത്. നമ്മള് കാരണം ഒരു കിലോ അരിയെങ്കിലും വാങ്ങിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് സന്തോഷമേയുള്ളൂ,’ ടിനി ടോം പറഞ്ഞു.

അതേസമയം ആദ്യ മൂന്ന് ദിവസം കൊണ്ടുതന്നെ പാപ്പന്‍ 10 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. സിനിമക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നാലെ ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം വന്‍ തുകയ്ക്ക് വിറ്റുപോയതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്റര്‍ടൈന്‍മെന്റ് ട്രാക്കര്‍ ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച ട്വീറ്റ് പങ്കുവെച്ചത്. പാപ്പന്റെ മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം യു.എഫ്.ഒ മൂവീസ് സ്വന്തമാക്കിയെന്നായിരുന്നു ട്വീറ്റ്.

സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ.

Content Highlight: Tini tom says his words were misinterpreted on Trolls