സിനിമാ മേഖലയില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും തുല്യ വേതനം വേണമെന്നത് ഏറെക്കാലമായി ഉയര്‍ന്നുവരുന്ന ആവശ്യമാണ്. ഈ വിഷയത്തിലെ തന്റെ അഭിപ്രായം പറയുകയാണ് ഇപ്പോള്‍ മിമിക്രി താരവും നടനുമായ ടിനി ടോം.
തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടിനി ടോം.
കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ബുദ്ധി കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നുമാണ് ടിനി ടോം അഭിമുഖത്തില്‍ പറയുന്നത്.
”ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താല്‍ കിട്ടില്ല.
ഇളയരാജ സാര്‍ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല. ചിലപ്പൊ കഷ്ടപ്പെട്ട് ഗാനമേളക്ക് പോകുന്നവനായിരിക്കും.
ഞാനിപ്പൊ അങ്ങനെയുള്ള തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാറില്ല. എനിക്കെന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് ഞാന്‍ കണക്കാക്കുന്നത്, നഷ്ടമായി പോയി എന്ന് ഞാന്‍ പറയാറില്ല.
ഇവിടെ അഭിമുഖത്തിന് വന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ. ചില ബന്ധങ്ങളും സ്‌നേഹങ്ങളും കാരണമാണത്, ചിലപ്പൊ ഫ്രീ ആയും പോകും. എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാല്‍ കിട്ടില്ല. പക്ഷെ മാനേജ്‌മെന്റ് സ്ഥലത്ത് ചെന്നാല്‍ കൂടുതല്‍ ചോദിക്കുകയും ചെയ്യും.
വെള്ളം പോലെയാണ് ഞാന്‍, എങ്ങനെ വേണമെങ്കിലും ഷേപ് മാറാന്‍ റെഡിയാണ്,” ടിനി ടോം പറഞ്ഞു.
സിനിമാ മേഖലയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സിയിലെ അംഗങ്ങളടക്കമുള്ളവര്‍ ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന ആവശ്യമാണ് തുല്യ വേതനം. സൂപ്പര്‍ സ്റ്റാറുകളുടെ വേതനം മറ്റുള്ളവര്‍ക്കും ലഭിക്കണമെന്നല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഒരേ താരമൂല്യമുള്ളവര്‍ ഒരേ ജോലി ചെയ്യുന്നതിന് തുല്യ വേതനം ലഭിക്കണമെന്നാണ് ആവശ്യമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Tini Tom says his opinion on equal pay for equal job in the Malayalam film industry