മമ്മൂട്ടി ചെയ്യുന്ന റിസ്‌കി സ്റ്റണ്ടുകള്‍ എല്ലാം താനാണ് ചെയ്യുന്നതെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ടിനി ടോം. മൂന്ന് സിനിമകളില്‍ മാത്രമേ താന്‍ മമ്മൂക്കക്ക് പകരം അഭിനയിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ബാക്കി ചെയ്യുന്ന റിസ്‌കി സ്റ്റണ്ടുകളിലൊന്നും തനിക്ക് പങ്കില്ലെന്നും ടിനി പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ തന്നെയും മമ്മൂട്ടിയെയും വെച്ചുള്ള തമാശകള്‍ വേദനിപ്പിക്കാറുണ്ടെന്നും ടിനി പറഞ്ഞു. താന്‍ എപ്പോള്‍ മെസേജയച്ചാലും അപ്പോള്‍ തന്നെ റെസ്പോണ്‍ഡ് ചെയ്യുന്നയാളാണ് മമ്മൂട്ടിയെന്നും ഇത്തരം വേദനിപ്പിക്കുന്ന തമാശകള്‍ കാരണം മമ്മൂട്ടിയുടെയടുത്ത് ഇരിക്കാന്‍ പോലും പേടിയാണെന്നും ടിനി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന, ഒരു പണിയുമില്ലാത്തവരാണ് ഇതിന്റെയൊക്കെ പിന്നിലെന്നും താരം പറഞ്ഞു.
‘മമ്മൂക്കയുടെ മൂന്ന് സിനിമയില്‍ മാത്രമേ എന്റെ ബോഡി ഉപയോഗിച്ചിട്ടുള്ളൂ, അദ്ദേഹം ചെയ്യുന്ന റിസ്‌കി ഷോട്ടുകളിലൊന്നും ഞാന്‍ ഭാഗമല്ല. ഇത് എത്ര തവണ പറഞ്ഞാലും ആളുകള്‍ക്ക് മനസിലാകില്ല.
ഏറ്റവും അവസാനം ടര്‍ബോയില്‍ വരെ മമ്മൂക്കക്ക് പകരം ഞാനാണ് ഫൈറ്റ് ചെയ്തതെന്ന് പറഞ്ഞ് തല വെട്ടി ഒട്ടിച്ചുകൊണ്ടുള്ള ഫോട്ടോസ് അയച്ചു തരും. ഫാന്‍ ഫൈറ്റിന്റെ ഭാഗമായി പലരും ചെയ്യുന്നതാണെങ്കിലും വല്ലാതെ വേദനയുണ്ടാക്കുന്ന കാര്യമാണിത്.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കാരണം മമ്മൂക്കയുടെയടുത്ത് ഇരിക്കാന്‍ പോലും എനിക്ക് പേടിയാണ്. മറ്റുള്ളവരെ കളിയാക്കി വേദനിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു പണിയുമില്ലാത്ത ചിലരാണ് ഇതിന്റെയൊക്കെ പിന്നില്‍.
അവര്‍ രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് ആരെ കൊല്ലാം എന്നുള്ള ചിന്തയിലാണ്. ഇവരൊക്കെ എന്തെങ്കിലുമൊക്കെ പറയും, അത് കേട്ട് അവരെ ഫോളോ ചെയ്യുന്ന ബാക്കിയുള്ളവരും അതിന്റെ കൂടെ ചേരും,’ ടിനി ടോം പറഞ്ഞു.
Content Highlight: Tini Tom saying that he only appeared as body double for Mammootty in just three movies