അമേരിക്കന്‍ വിസക്ക് പോയപ്പോള്‍ കഥകളി അറിയില്ലെന്ന് പറഞ്ഞത് അവര്‍ക്ക് അതിശയമായി, സ്‌കൂളില്‍ കഥകളി ഉള്‍പ്പെടുത്തണം: ടിനി ടോം
Entertainment news
അമേരിക്കന്‍ വിസക്ക് പോയപ്പോള്‍ കഥകളി അറിയില്ലെന്ന് പറഞ്ഞത് അവര്‍ക്ക് അതിശയമായി, സ്‌കൂളില്‍ കഥകളി ഉള്‍പ്പെടുത്തണം: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th November 2022, 3:52 pm

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനായി കഥകളി ഉള്‍പ്പെടുത്തണമെന്ന് ടിനി ടോം. അമേരിക്കന്‍ വിസ എടുക്കാന്‍ പോയപ്പോള്‍ അവിടെ നിന്നുണ്ടായ അനുഭവം പറഞ്ഞപ്പോഴാണ് കഥകളി കുട്ടികളെ പഠിപ്പിക്കേണ്ടതിനെക്കുറിച്ച് ടിനി സംസാരിച്ചത്. നേരത്തെ കളരി പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടന്‍ പറഞ്ഞിരുന്നു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ഇക്കാര്യം പറഞ്ഞത്.

”ഞാന്‍ അമേരിക്കന്‍ വിസ എടുക്കാന്‍ പോയപ്പോള്‍ അവര്‍ എന്നോട് ചോദിച്ചത് നിങ്ങള്‍ക്ക് കഥകളി അറിയുമോയെന്നാണ്. കേരളത്തില്‍ അല്ലെ ജീവിക്കുന്നത് അത് കൊണ്ടാണ് അത്തരം ചോദ്യം. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അതിശയമായിരുന്നു.

നിങ്ങളുടെ പരമ്പരാഗത കലാരൂപം ആയിട്ട് അറിയില്ലേ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. പിന്നെ ശൃംഗാരഭാവം അറിയുമോ എന്നായി. ഇല്ലെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവര്‍ മുഖം കൊണ്ട് കാണിച്ചു തന്നു. നമുക്ക് ക്രാഷ് കോഴ്‌സ് ആയിട്ടെങ്കിലും അതൊക്കെ പഠിപ്പിക്കണം. സ്‌കൂളില്‍ നിര്‍ബന്ധിത വിദ്യാഭ്യാസമായിട്ട് കഥകളിയൊക്കെ ഉള്‍പ്പെടുത്തണം,” ടിനി ടോം പറഞ്ഞു.

 

മഹാഭാരതം സിനിമയാക്കുമ്പോള്‍ അതില്‍ അഭിനയിക്കാനായി കളരി പഠിക്കാന്‍ തുടങ്ങിയെന്ന് ടിനി ടോം നേരത്തെ പറഞ്ഞിരുന്നു. കളരി പഠിച്ചാലുള്ള ഗുണത്തേക്കുറിച്ച് വാചാലനായ ടിനി പാരമ്പര്യ കലാരൂപമായ കളരിയെ കേരളീയര്‍ അവഗണിക്കുകയാണെന്നും പറഞ്ഞു.

”പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്ന് പറഞ്ഞാല്‍ അത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ എനിക്ക് ഉണ്ടാവണം. കളരി ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുണ്ട്. അത് പഠിക്കുന്നത് യുദ്ധത്തിന് പോവാനും ചേകവരാവാനും വേണ്ടി മാത്രമല്ല കുനിഞ്ഞ് പേഴ്സ് എടുക്കാന്‍ കൂടിയാണ്.

കളരിയില്‍ ആദ്യം ചെയ്യുക നമസ്‌കാരം ആണ്. കളരി തുടങ്ങി കഴിഞ്ഞാല്‍ അറിയാന്‍ പറ്റും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്. കളരിയില്‍ ഇപ്പോള്‍ ഒരു 8,9 ചുവട് വരെ ഞാന്‍ എത്തി. ദിവസവും ചെയ്യാന്‍ കുറേ തിരക്കും കാര്യങ്ങളും ഉള്ളത് കൊണ്ട് പറ്റാറില്ല. ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുമ്പോഴേക്കും ശരീരത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ പെട്ടെന്ന് മനസിലാവും.

കേരളത്തിലെ ആളുകള്‍ കളരിയെ സ്വീകരിച്ചിട്ടില്ല. എന്റെ മകന്‍ എന്നോട് ചോദിക്കാറുണ്ട് കളരി ഒക്കെ പഠിച്ചിട്ട് എന്താണ് ഗുണം എന്ന്. നമ്മുടെ പാരമ്പര്യം അറിയാന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അതുകൊണ്ട് എന്ത് ഗുണം ഉണ്ടാവും എന്നാണ് അവന് അറിയേണ്ടത്. അതിന് എന്റെ കയ്യില്‍ ഉത്തരമില്ലായിരുന്നു. അത്തരം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ല,” ടിനി ടോം പറഞ്ഞു.

content highlight: tini tom said that Kathakali should be included in school