കോമഡി സ്‌കിറ്റുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ച് പ്രേക്ഷകരെ ധാരാളമായി ചിരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ടിനി ടോം. തന്റെ സ്കിറ്റുകളെക്കുറിച്ചും അവ മുന്നോട്ട് വെക്കുന്ന ആശയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.
നടൻ ശ്രീനിവാസൻ സ്വയം ബോഡി ഷെയ്മിങ് നടത്തുകയാണ് ഉണ്ടായിരുന്നതെന്ന് പറയുകയാണ് ടിനി ടോം. പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയാൽ പിന്നെ എല്ലാം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഡാഡി എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.
‘തമാശ പറയുമ്പോൾ മറ്റെല്ലാം മാറ്റി വെക്കണം. ചിലപ്പോൾ ഒരു ഇൻസൽട്ടിങ് കോമഡി വരം. പൊളിറ്റിക്കൽ കറക്ട്നെസ് ഒക്കെ നോക്കിയിരുന്നാൽ എന്തും തിരുത്തേണ്ട അവസ്ഥയെ വരൂ.
എനിക്കും പക്രുവിനും (ഗിന്നസ് പക്രു) ഒക്കെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അവൻ തന്നെ ഉണ്ടാക്കിക്കൊണ്ടിരുന്ന കോമഡിയാണ് ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ അവനെ ചെറുതെന്ന് പറഞ്ഞാൽ അത് ബോഡി ഷെയ്മിങ് ആവും.
ഞങ്ങൾ സ്റ്റേജിൽ ഒരു ഐറ്റം ചെയ്തിട്ടുണ്ട്, ‘നിനക്ക് ചെയ്യാൻ പറ്റുന്നത് എനിക്ക് ചെയ്യാൻ പറ്റുമോ’ എന്ന് ചോദിക്കുന്നത്. അതിൽ അവൻ എന്റെ കാലിന്റെ അടിയിലൂടെ നടന്ന് പോകും, അത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ല. അതൊരു ഫൺ എലമെന്റ് ആയിട്ട് കണ്ടില്ലെങ്കിൽ മറ്റൊരാളുടെ വലിപ്പത്തെ കളിയാക്കുന്നു എന്ന് ആളുകൾ പറയും. അങ്ങനെ ഒരു പരിപാടിയിൽ ഞാൻ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.
ശ്രീനിയേട്ടനൊക്കെ (ശ്രീനിവാസൻ) ചെയ്തിരുന്നത് സ്വന്തം ബോഡി ഷെയ്മിങ് ആയിരുന്നു. അതിൽ ചിലപ്പോൾ കളറും നമ്മുടെ ഷേയ്പ്പും ഒക്കെ വരും. പേഴ്സണലി അപമാനിക്കുമ്പോഴാണ് പ്രശ്നം വരുന്നത്. സ്കിറ്റ് എന്നുപറഞ്ഞാൽ ഒരു ഫാന്റസിയാണ്. ഒരു സങ്കൽപം. സ്കിറ്റ് കഴിയുമ്പോൾ അതിൽ പറയുന്നതൊക്കെ മറന്നേക്കണം. അല്ലാതെ വൈരാഗ്യ ബുദ്ധിയോടെ വെക്കരുത്,’ ടിനി ടോം പറഞ്ഞു.
റിയാലിറ്റി ഷോകളിൽ അനുകരണം ചെയ്യുമ്പോൾ ആരെയാണോ അനുകരിക്കുന്നത് അവർക്കും ഇഷ്ട്ടപ്പെടണമെന്നും അവരുടെ കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ പങ്കെടുക്കാറുള്ള കോമഡി റിയാലിറ്റി ഷോകളിൽ എനിക്ക് ഇഷ്ടമുള്ളവരെയൊക്കെ അനുകരിക്കാറുണ്ട്. ആരെയാണോ അനുകരിക്കുന്നത് അവർക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ വേണം അനുകരിക്കാൻ. അവരുടെ കുടുംബത്തിലുള്ളവരെ ഒന്നും അക്രമിക്കുന്ന രീതിയിൽ സംസാരം വരരുത്. അതാണ് എത്തിക്സ്. അതിൽ പറയുന്നതൊക്കെ ഒരു തമാശക്ക് ആയിരിക്കണം. ‘ജസ്റ്റ് ഫോർ ഫൺ’,’ ടിനി ടോം പറഞ്ഞു.