കൊല്ലം സുധിയുടെ വിയോഗം താങ്ങാനാകുന്നതിനുമപ്പുറമെന്ന് നടൻ ടിനി ടോം. സുധി അവസാനമായി പങ്കെടുത്ത പരിപാടിയിൽ ടിനി ടോമും പങ്കെടുത്തിരുന്നു. സുധിയും ബിനു അടിമാലിയും കലാഭവൻ പ്രജോദും ഉൾപ്പെടുന്ന ചിത്രം പങ്കുവെച്ചായിരുന്നു ടിനി ടോം അനുശോചനം രേഖപ്പെടുത്തിയത്. പരിപാടിക്ക് ശേഷം സുധിയുടെ ആഗ്രഹപ്രകാരമായിരുന്നു ചിത്രം എടുത്തിരുന്നത്.
“ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട് വണ്ടികളിൽ ആയിരുന്നു ഞങ്ങൾ തിരിച്ചത്, പിരിയുന്നതിന് മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ചൊരു ഫോട്ടോ എടുക്കണം. എന്നിട്ട് ഈ ഫോട്ടോ എനിക്കയച്ചുതന്നു. ഇങ്ങനെ ഇടാൻ വേണ്ടി ആണോ ഈ ചിത്രം എനിക്കയച്ചത്… മോനെ ഇനി നീ ഇല്ലേ… ആദരാഞ്ജലികൾ മുത്തേ’ ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
കൊല്ലം സുധിയുടെ മരണത്തിൽ സഹപ്രവർത്തകനായ ഉല്ലാസ് പന്തളവും അനുശോചനം രേഖപ്പെടുത്തി. ഒരു വീട് വെക്കണമെന്നായിരുന്നു സുധിയുടെ ആഗ്രഹമെന്നാണ് ഉല്ലാസ് പറഞ്ഞത്. അപകടം സംഭവിക്കുമ്പോൾ ഉല്ലാസും കൂടെ ഉണ്ടായിരുന്നു.
ഞെട്ടിക്കുന്ന വാർത്തകേട്ടാണ് താൻ ഉണർന്നതെന്നും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിപോയെന്നും അദ്ദേഹം പറഞ്ഞു. ’24 കണക്ട്’ പ്രോഗ്രാമിന് താനും ഉണ്ടായിരുന്നെന്നും ഡേറ്റിന്റെ പ്രശ്നം കൊണ്ട് ഒഴിവായതാണെന്നും ഉല്ലാസ് പറഞ്ഞു.
സുധിയുടെ കുഞ്ഞുങ്ങളെ ഓർത്ത് ദുഖമുണ്ട്. ഒരു വീടുവെക്കണമെന്ന്
അവന് ആഗ്രഹമുണ്ടായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ പ്രോഗ്രാം ഷൂട്ടിനിടയിൽ വീടുവെക്കാൻ സാധിക്കാത്തതിന്റെ ദുഃഖം സുധി പങ്കുവെച്ചിരുന്നു. പരിപാടികൾ ലഭിക്കുന്നതുകൊണ്ട് ഹോം ലോണുകൾ എടുക്കാമെന്ന് ഞാൻ ആശ്വസിപ്പിച്ചു,’ ഉല്ലാസ് കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ തൃശൂർ പനമ്പിക്കുന്നിൽ വെച്ചാണ് സുധിയും സഹപ്രവർത്തകരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഉൾപ്പെടുന്ന വാഹനം അപകടത്തിൽപെടുന്നത്. വാഹനം എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവർക്ക് പരിക്കേറ്റു.