അക്കാരണം കൊണ്ടാണ് സുരേഷേട്ടനുമായി അടുത്ത് നില്‍ക്കുന്നത്; അന്ന് കൊടുത്ത കിറ്റിലെ പരിപ്പ് ഇപ്പോഴും തീര്‍ന്നിട്ടില്ല: ടിനി ടോം
Entertainment news
അക്കാരണം കൊണ്ടാണ് സുരേഷേട്ടനുമായി അടുത്ത് നില്‍ക്കുന്നത്; അന്ന് കൊടുത്ത കിറ്റിലെ പരിപ്പ് ഇപ്പോഴും തീര്‍ന്നിട്ടില്ല: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th September 2022, 8:15 am

കൊവിഡ് സമയത്ത് കലാകാരന്മാര്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അവരെ താന്‍ സഹായിച്ചതിനെക്കുറിച്ചും ടിനി ടോം. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൊവിഡ് സമയത്ത് വിവിധ കലാകാരന്മാര്‍ക്ക് ഓണകിറ്റുകളും മറ്റും വിതരണം ചെയ്തുവെന്നും മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നതിന്റെ കാര്യത്തില്‍ താന്‍ സുരേഷ് ഗോപിയുമായി അടുത്ത് നില്‍ക്കുന്നയാളാണെന്നുമാണ് ടിനി ടോം പറയുന്നത്.

”ആ സമയത്ത് പോലും എന്നെ ഏതോ ഒരു കാവല്‍ മാലാഖ സംരക്ഷിച്ചു. ഞങ്ങള്‍ ഒരു ചാനലിന് വേണ്ടി ഓണ്‍ലൈനിലൂടെ ഒരു പ്രോഗ്രാം നടത്തിയിരുന്നു. വീട്ടിലിരുന്ന് ചെയ്തു.

അത് ചെയ്തതിന്റെ നന്മകളായിരിക്കും. പിന്നെ പലരെയും ആ സമയത്ത് എനിക്ക് സഹായിക്കാന്‍ സാധിച്ചു. മിമിക്രിയില്‍ തന്നെയുള്ള ആള്‍ക്കാരെ യൂസഫലി സാറിന്റെ സഹായത്തോടെ 1500 രൂപയുടെ കിറ്റ് എല്ലാവര്‍ക്കും ഓണത്തിന് കൊണ്ടെത്തിക്കുകയും ചെയ്തു.

അമ്മ സംഘടന വഴി 6500 രൂപയുടെ കിറ്റും നല്‍കി. അത് കാശ് കൊടുത്ത് തന്നെ ചെയ്തതാണ്. പലര്‍ക്കും അതിലെ പരിപ്പൊന്നും ഇപ്പോഴും തീര്‍ന്നിട്ടില്ല.

എന്റെ വീട്, എന്റെ കാറ്, എന്റെ കുടുംബം എന്ന് പറഞ്ഞ് ജീവിക്കുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടാണ് ഞാന്‍ സുരേഷ് ഗോപി ചേട്ടനുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ആയിരം ഇരട്ടിയായിരിക്കും അദ്ദേഹം ചെയ്യുന്നത്, പക്ഷെ അത് എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് കൂടെ നില്‍ക്കുന്നത്,” ടിനി ടോം പറഞ്ഞു.

അതേസമയം, സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര കഥാപാത്രമായാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചത്.

ചെമ്പന്‍ വിനോദ് ജോസ്, ഹണി റോസ്, അനൂപ് മേനോന്‍, സുരേഷ് കൃഷ്ണ, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, പൂനം ബജ്വ, സുദേവ് നായര്‍ എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. നിര്‍മാതാവായ ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥാപാത്രത്തെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ചതും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Content Highlight: Tini Tom about the charity works he did during covid time, says similar to Suresh Gopi