മിമിക്രി താരമായും സിനിമയില്‍ ഡ്യൂപ്പായും ജോലി ചെയ്തിരുന്ന ടിനി ടോമിന് ഒരു ബ്രേക്ക് നല്‍കിയത് രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് ആയിരുന്നു. 1998ല്‍ തന്നെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും ശ്രദ്ധ നേടിയ റോള്‍ നല്‍കിയത് 2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടനായിരുന്നു.
ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ടിനി ടോമിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡ്രൈവറായാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം ഡ്രൈവ് ചെയ്യുന്നതിനെ പറ്റി കൂടുതലായി സംസാരിച്ചപ്പോള്‍ താന്‍ അഭിനയിച്ച് രക്ഷപ്പെടാന്‍ വന്നതാണെന്ന് പറഞ്ഞുവെന്നും ടിനി പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘അവിടെ ചെന്നപ്പോള്‍ എന്നോട് പറഞ്ഞത് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ഡ്രൈവറാണെന്നാണ്, ബെന്‍സിന്റെ ഡ്രൈവറാണെന്നാണ്. മമ്മൂക്ക അപ്പോള്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നു. സെക്കന്റ് ഇട്ടിട്ടാണ് ഹമ്പ് എടുക്കേണ്ടത്, എന്നൊക്കെ മമ്മൂക്ക ഡ്രൈവിങ്ങിന്റെ കാര്യങ്ങള്‍ പറയുകയാണ്. ഞാന്‍ അഭിനയിച്ച് രക്ഷപെടാന്‍ വന്നതാണ്, മമ്മൂക്കയുടെ ഡ്രൈവറായി ജീവിച്ച് രക്ഷപ്പെടാനല്ല എന്ന് ഞാന്‍ പറഞ്ഞു,’ ടിനി ടോം പറഞ്ഞു.
അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സലിനിടയില്‍ മമ്മൂട്ടിക്ക് കട്ടന്‍ ചായ ഇട്ടുകൊടുത്തതിനെ പറ്റിയും ടിനി പറഞ്ഞു. ‘അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ തനിക്ക് ചാനലില്‍ സ്വാധീനം ഉണ്ടോയെന്ന് ചോദിച്ചു. സാറ്റലൈറ്റ് റേറ്റിനോ വല്ലതുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ഒരു കട്ടന്‍ ചായ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്.
അത്രയും പേര് അവിടെ ഉണ്ടെങ്കിലും എന്നോടാണ് ചോദിച്ചത്. ഞാന്‍ പോയി ചായ ഉണ്ടാക്കി എന്റെ കൈ കൊണ്ട് തന്നെ കൊണ്ടുകാടുത്തു. എടോ തന്നോടല്ല കൊണ്ടുവരാന്‍ പറഞ്ഞത്, വേറെ ആരോടേലും പറയാനാണ് പറഞ്ഞതെന്നായി അദ്ദേഹം. പക്ഷേ ഞാന്‍ തന്നെ ചായ കൊടുത്തു. അത് ഒരു അവാര്‍ഡായാണ് തോന്നിയത്,’ ടിനി ടോം പറഞ്ഞു.
Content Highlight: tini tom about prachiyettan and the saint and mammootty