| Monday, 19th June 2023, 7:56 pm

ബിരിയാണിയുടെ കൂടെ അച്ചാര്‍ പോലെ, ഒരു ചാക്ക് അരിയുടെ കൂടെ സോപ്പ് പോലെ അന്ന് എനിക്കൊപ്പം പക്രുവുമുണ്ടാവും: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് താന്‍ നടത്തിയിരുന്ന യാത്രകളില്‍ ഒരു കാലത്ത് കോംബോ പോലെ പക്രുവും (അജയന്‍) ഉണ്ടായിരുന്നുവെന്ന് നടന്‍ ടിനി ടോം. ബിരിയാണിയുടെ കൂടെ അച്ചാര്‍ പോലെയോ ഒരു ചാക്ക് അരിയുടെ കൂടെ സോപ്പ് കിട്ടുന്നതുപോലെയോ പക്രു തന്റെ കൂടെ കാണുമായിരുന്നുവെന്നും കൗമുദി മൂവിസിലെ പരിപാടിയില്‍ ടിനി ടോം പറഞ്ഞു.

‘യാത്രകളാണ് നമുക്ക് അനുഭവങ്ങള്‍ ഉണ്ടാക്കുന്നത്. പണ്ടൊക്കെ ഗുരുകുല വിഭ്യാഭ്യാസം കഴിഞ്ഞ് യാത്ര ചെയ്യാന്‍ പറയും. ജ്ഞാനം കിട്ടാന്‍ വേണ്ടിയാണ്. അനുഭവങ്ങളിലൂടെയുള്ള ജ്ഞാനം കിട്ടണമെങ്കില്‍ യാത്രകള്‍ ചെയ്യാന്‍ പറയും.

എനിക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിച്ചത് മിമിക്രി എന്ന കലാരൂപമുള്ളതുകൊണ്ടാണ്. സിനിമയിലാണെങ്കില്‍ പോലും അത്യാവശം ചില ലൊക്കേഷനുകളില്‍ തങ്ങിപ്പോകും. ഒരു മാസം ഒരു ലൊക്കേഷനായിരിക്കും.

പ്രോഗ്രാമുമായി ബന്ധപ്പെട്ട യാത്രകള്‍ ഒരുപാട് അനുഭവങ്ങള്‍ നല്‍കും. ഒരു കാലത്ത് യാത്രകള്‍ ഞാനും പക്രുവും ഒന്നിച്ചായിരുന്നു. അതൊരു കോമ്പോ ആയിരുന്നു. ചിക്കന്‍ മേടിച്ചാല്‍ കൂടെ ഫ്രൈസ് അല്ലെങ്കില്‍ കൊക്കകോള ഒക്കെ കിട്ടുന്നതുപോലെയായിരുന്നു. ടിനി ടോമിനെ വിളിച്ചാല്‍ പക്രു ഉണ്ടാവും. അല്ലെങ്കില്‍ ബിരിയാണിയുടെ കൂടെ അച്ചാര്‍ പോലെ, ഒരു ചാക്ക് അരിയുടെ കൂടെ സോപ്പ് എന്ന് പറയുന്നതുപോലെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്രകള്‍,’ ടിനി ടോം പറഞ്ഞു.

ഒരിക്കല്‍ അമേരിക്കയില്‍ നിന്നുമുള്ള യാത്രക്കിടയില്‍ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞുവെച്ചിരുന്നുവെന്നും ടിനി ഷോയില്‍ പറഞ്ഞു. അമേരിക്കന്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ മുസ്ലിം സമുദായക്കാര്‍ വരുമ്പോള്‍ സൂക്ഷിച്ചാണ് കടത്തിവിടുന്നതെന്നും തന്റെ ബാഗില്‍ കൂട്ടുകാരന്‍ തന്നുവിട്ട കത്തിയും തന്റെ അഫ്ഗാന്‍ ലുക്കും നിറവും കണ്ട് തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചുവെച്ചുവെന്നും ടിനി പറഞ്ഞു. ഒടുവില്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കാണിച്ച് പറഞ്ഞുമനസിലാക്കിയിട്ടാണ് തന്നെ വിട്ടയച്ചതെന്നും ടിനി പറഞ്ഞു.

Content Highlight: tini tom about pakru

We use cookies to give you the best possible experience. Learn more