ഉത്സവത്തിനിടയിൽ ആനപ്പണിക്ക് പോകുന്ന തന്റെ സുഹൃത്തിനെക്കുറിച്ചുള്ള രസകരമായ ഒരനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. അവൻ എറണാകുളത്തെ രാജകുടുംബത്തിലെ ഒരാളാണെന്നും ഒരു ഉത്സവത്തിന് ആനപ്പുറത്ത് ഇരിക്കുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടിയിട്ട് ആനയുടെ പുറത്തിരുന്ന് മൂത്രമൊഴിച്ചെന്നും അത് ആനയുടെ കണ്ണിലൂടെ ഒഴികിയപ്പോൾ കണ്ണീരാണെന്ന് കരുതി ആളുകൾ ഫോട്ടോ എടുത്തെന്നും ടിനി ടോം പറഞ്ഞു.
ഇത് നടന്ന സംഭവമാണെന്നും എന്നാൽ സുഹൃത്തിന്റെ പേര് പറഞ്ഞാൽ മോശമാണെന്നും ടിനി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ സുഹൃത്തിന് പറ്റിയ ഒരു സംഭവം ഉണ്ട്. അദ്ദേഹം ശരിക്കും ഒരു രാജകുടുംബത്തിലുള്ള ഒരാളാണ്. അദ്ദേഹം ആനപ്പണിക്ക് പോകാറുണ്ട്. ആനയുടെ മുകളിൽ നിന്ന് വെഞ്ചാമരം വീശുന്ന പരിപാടിക്കൊക്കെ പോകാറുണ്ട്.
അവന് ആനപ്പുറത്ത് ഇരുന്നിട്ടാണ് പൈൽസ് വന്നതെന്നാണ് എന്നോട് പറഞ്ഞിരുന്നത്.
എറണാകുളത്തുള്ള ഒരു കൊട്ടാരത്തിൽ 1600 അവകാശികളിൽ ഒരു അവകാശിയാണ് ഇവൻ. ഭയങ്കര രാജാവായിട്ട് ജീവിക്കേണ്ട ആളാണ്. പക്ഷേ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെയായി നടക്കുകയാണ് ഇപ്പോൾ. അതുപോലെ മിമിക്രി ആർട്ടിസ്റ്റുമാണ്, അതാണ് ഏറ്റവും വലിയ രസം.
ഒരു ഉത്സവത്തിന് പോയപ്പോൾ, ഇദ്ദേഹം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. മേളം തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇറങ്ങാൻ പറ്റില്ല. അവന് മൂത്രമൊഴിക്കാൻ മുട്ടിയിട്ട് ഒരു രക്ഷയുമില്ല. പുള്ളിക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നപ്പോൾ, ആനയുടെ മുകളിലിരുന്ന് മൂത്രമൊഴിച്ചു. മസ്തകത്തിൽ നിന്ന് മൂത്രം ഇറങ്ങിയിട്ട് കണ്ണ് വഴിയാണ് ഒഴുകുന്നത്. ആന കരയുകയാണെന്ന് പറഞ്ഞിട്ട് ആളുകൾ ഫോട്ടോ എടുക്കാൻ തുടങ്ങി. കണ്ണീരായിട്ട് രണ്ട് ലിറ്ററാണ് പോകുന്നത്.
ഇത് നടന്ന സംഭവം തന്നെയാണ്. പക്ഷേ അവന്റെ പേര് പറഞ്ഞാൽ മോശമാണ്. പറഞ്ഞുകഴിഞ്ഞാൽ അവനെ പിന്നെ മേളത്തിന് വിളിക്കില്ല, ആനയുടെ പുറത്തിരുന്ന് മുള്ളും എന്ന് വിചാരിച്ചിട്ട്,’ ടിനി ടോം പറഞ്ഞു.
Content Highlight: Tini tom about An interesting experience about his friend