| Tuesday, 22nd November 2022, 11:16 pm

ദേശീയ ടീമിനായി ഗോള്‍ നേടിയതോടൊപ്പം നിറവേറിയത് ഒരച്ഛന്റെ സ്വപനസാക്ഷാത്കാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ രണ്ടാം ദിവസം നടന്ന യു.എസ്.എ-വെയില്‍സ് മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരഫലത്തേക്കാളുപരി ഇപ്പോള്‍ ചര്‍ച്ചയാകുന്നത് തിമോത്തിയുടെ ഗോളാണ്. താരം ഗോള്‍ നേടുമ്പോള്‍ അച്ഛനെ ഓര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരച്ഛന്റെ സ്വപന സാക്ഷാത്കാരമാണ് തിമോത്തിയിലൂടെ നിറവേറിയത്്. നിലവിലെ ലൈബീരിയന്‍ പ്രസിഡന്റായ ജോര്‍ജ് വിയ്യയുടെ മകനാണ് തിമോത്തി. മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ ജോര്‍ജ്ജ് വിയ്യ 95ല്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ബാലന്‍ ഡി ഓര്‍ ജേതാവായിരുന്നു. 147 മത്സരങ്ങളില്‍ 58 ഗോളടിച്ച ജോര്‍ജ്ജിന് ഫ്രാന്‍സിന് വേണ്ടി കളിക്കാമായിരുന്നിട്ടും ജന്മദേശത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്.

രാജ്യത്തിന് വേണ്ടി 60 അന്താരാഷ്ട്രവേദികളില്‍ ബൂട്ട് കെട്ടിയ താരം പതിനാറ് ഗോളുകളാണ് അക്കൗണ്ടിലാക്കിയത്. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയപ്പോഴും ലൈബീരിയയെ ലോകകപ്പിലേക്ക് നയിക്കാന്‍ ജോര്‍ജ്ജ് വിയ്യക്ക് കഴിഞ്ഞിരുന്നില്ല. അച്ഛന്റെ വഴിയെ പന്ത് തട്ടിക്കളിച്ച തിമോത്തി അച്ഛന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നല്‍കി സങ്കടം തീര്‍ക്കുകയായിരുന്നു. ഏത് രാജ്യത്തിന് വേണ്ടി കളിക്കണമെന്ന ചോദ്യത്തിന് ഉത്തരമായി തിമോത്തിക്ക് മുന്നിലുണ്ടായിരുന്നത് നാല് ഓപ്ഷനുകളായിരുന്നു.

ഫ്രാന്‍സ്, ജമൈക്ക, ലൈബീരിയ പിന്നെ അമേരിക്ക. പിതാവ് ലൈബീരിയന്‍ പ്രസിഡന്റാണെങ്കിലും ന്യൂയോര്‍ക്കില്‍ ജനിച്ച തിമോത്തി ദേശീയ ടീമായി അമേരിക്കയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ താത്പര്യങ്ങള്‍ അറിഞ്ഞ് അനുഗ്രഹിച്ചും ആശംസിച്ചും വിട്ട അച്ഛന് അതിഗംഭീര സമ്മാനമാണ മകന്‍ നല്‍കിയത്.

മികച്ച കളിക്കാരനായിരുന്നിട്ടും ലോക കപ്പ് കളിക്കാനായില്ലെന്ന ജോര്‍ജ്ജ് വിയ്യയുടെ സങ്കടത്തിന് ഇതോടെ വിരാമമിട്ടിരിക്കുകയാണ് തിമോത്തി. അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗോളടിക്കാരനെന്ന് ഖ്യാതിയും ഇതിനൊപ്പം തിമോത്തി നേടി. അച്ഛന്റെ തട്ടകമായിരുന്ന ഫ്ലോറിഡാ വെസ്റ്റ് പൈന്‍ യുണൈറ്റഡില്‍ അദ്ദേഹത്തിന്റെ തന്നെ ശിക്ഷണത്തിലാണ് തിമോത്തി കാല്‍പന്ത് തട്ടിക്കളിച്ചു തുടങ്ങിയത്. തുടര്‍ന്ന് അമേരിക്കയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളിലെത്തി. 2018ലാണ് താരം ദേശീയ ടീമിനൊപ്പം ചേര്‍ന്നത്.

Content Highlights: Timothy Weah surpasses his father George by playing and scoring in a World Cup

സ്പോര്‍ട്സ് ഡെസ്‌ക്