കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച പ്രകടനമാണ് ലയണല്‍ മെസിയുടെ കീഴില്‍ അര്‍ജന്റീന കാഴ്ച്ചവെക്കുന്നത്. 33 കളിയില്‍ തോല്‍വി അറിയാതെ മുന്നേറുന്ന അര്‍ജന്റൈന്‍ പട ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് വിജയിക്കാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്.
പല താരങ്ങളും അര്‍ജന്റീനയാണ് ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമെന്ന് തുറന്നു പറഞ്ഞിരുന്നു. അക്കൂട്ടത്തിലിപ്പോള്‍ പുതുതായി വന്നിരിക്കുകയാണ് ജര്‍മനിയുടെ സ്‌ട്രൈക്കറായ ടിമൊ വെര്‍നര്‍.
ഇറ്റലിക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീനയുടെ മികവ് വ്യക്തമായിരുന്നു. അവര്‍ ബ്രില്ല്യന്റ് ടീമാണ്, അതുകൊണ്ട് അവര്‍ വിജയിക്കുമെന്നാണ് താന്‍ കരുതുന്നത് എന്നാണ് വെര്‍നര്‍ പറഞ്ഞത്.
‘അര്‍ജന്റീന ബ്രില്ല്യന്റ് ടീമാണ്. ഇറ്റലിക്കെതിരെ ഞങ്ങള്‍ അത് കണ്ടു, ആ ഫൈനലില്‍ അവര്‍ ഇറ്റലിക്കെതിരെ മൂന്ന് ഗോളുകള്‍ നേടി. ലോകകപ്പില്‍ അവര്‍ക്ക് നല്ല വിജയ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു.’ വെര്‍നര്‍ പറഞ്ഞു.
അര്‍ജന്റൈന്‍ റിപ്പോര്‍ട്ടറായ റോയ് നെയ്മറാണ് ഇത് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.
നേരത്തെ ക്രോയേഷ്യന്‍ നായകനായ ലൂകാ മോഡ്രിച്ചും, സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വസും അര്‍ജന്റീനയാണ് ലോകകപ്പ് ഫേവറേറ്റ് എന്ന് പറഞ്ഞിരുന്നു.
‘മുമ്പത്തെക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ കൂടുതല്‍ ഐക്യത്തിലാണ്. അവര്‍ കുറേ നാളുകളായി കളികള്‍ തോറ്റിട്ടില്ല. അത് അവരുടെ ടീമിനെ കുറിച്ച് ഒരുപാട് പറയുന്നു. മെസി ഉള്ളത് കൊണ്ട് അവര്‍ എന്നും ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളില്‍ ഒരാളാണ്,’ ഇങ്ങനെയായിരുന്നു മോഡ്രിചിന്റെ വാക്കുകള്‍.അര്‍ജന്റീനയുടെ കൂടെ ബ്രസീലും ലോകകപ്പിലെ ഫേവറേറ്റുകളാണെന്നാണ് സ്പാനിഷ് കോച്ച് ഹെന്റിക്വസ് പറഞ്ഞത്.
അര്‍ജന്റീന അവരുടെ ലോകകപ്പ് മത്സരങ്ങള്‍ നവംബര്‍ 22-ന് സൗദി അറേബ്യയ്‌ക്കെതിരെ ഗ്രൂപ്പ് സിയില്‍ ആരംഭിക്കും, തുടര്‍ന്ന് മെക്‌സിക്കോയ്ക്കും പോളണ്ടിനുമെതിരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.