സൂപ്പർതാരം ലോകകപ്പ് കളിക്കില്ല; ജർമനി കടുത്ത നിരാശയിൽ
Football
സൂപ്പർതാരം ലോകകപ്പ് കളിക്കില്ല; ജർമനി കടുത്ത നിരാശയിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 12:27 am

ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിക്കുകളുടെ പിടിയിലാണ് ഒട്ടുമിക്ക താരങ്ങളും. ലോകകപ്പിന് മുന്നോടിയായി പരിക്കിനെ പേടിച്ച് ലീ​ഗ് മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യമാണ് താരങ്ങൾക്കിപ്പോൾ.

ഇപ്പോൾ ജർമൻ സൂപ്പർതാരത്തിന് പരിക്കേറ്റെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ഖത്തർ ലോകകപ്പിൽ കിരീടം ലക്ഷ്യമിടുന്ന ജർമനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

സ്റ്റാർ സ്ട്രൈക്കർ ടിമോ വെർണറിന് പരുക്കേറ്റതാണ് ജർമനിക്ക് തിരിച്ചടിയായത്. കണ്ണങ്കാലിന് പരുക്കേറ്റ വെർണർ ലോകകപ്പ് കളിക്കില്ലെന്നാണ് വിവരം.

ജർമൻ സൂപ്പർക്ലബ് റെഡ്ബുൾ ലീപ്​സിഗിന് വേണ്ടിയാണ് വെർണർ കളിക്കുന്നത്. ഇന്നലെ ഷാക്തർ ഡോണെറ്റ്സ്കിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിൽ ലീപ്​സിഗിനായ വെർണർ ആദ്യ ഇലവനിലിറങ്ങിയിരുന്നു.

എന്നാൽ മത്സരം ഇരുപത് മിനിട്ട് തികയുന്നതിന് മുമ്പ് പരിക്കുമായി വെർണർ കളിക്കളം വിടുകയായിരുന്നു.

തുടർന്നുനടന്ന പരിശോധനയിലാണ് വെർണറിന്റെ ഇടതു കണ്ണങ്കാലിലെ ലി​ഗമെന്റിന് മുറിവേറ്റതായി കണ്ടെത്തിയത്. ഇതോടെ വെർണറിന് ഈ വർഷമിനി കളിക്കാനാകില്ല എന്ന് ലീപ്സി​ഗ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ഈ സീസണിൽ ചെൽസിയിൽ നിന്ന് ലീപ്സി​ഗിൽ തിരിച്ചെത്തിയ വെർണർ മികച്ച ഫോമിൽ മുന്നേറവെയാണ് പരിക്ക് വില്ലനായെത്തിയത്.

Content Highlights:  Timo Werner’s ankle injury in the Champions League will keep him out of the World Cup for Germany, announces RB Leipzig