| Tuesday, 27th June 2023, 5:49 pm

സെമിയിലെത്തിയാല്‍ പാകിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല; ഐ.സി.സി ടീമിന്റെ ആവശ്യം അംഗീകരിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സമയക്രമവും വേദികളും
സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡി(പി.സി.ബി)ന്റെ ആവശ്യങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) തള്ളി. അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി പരസ്പരം മാറ്റണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം.

അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരം ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും മാറ്റാന്‍ ഐ.സി.സിയോടും ബി.സി.സി.ഐയോടും പി.സി.ബി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഐ.സി.സി ഇത് നിരസിച്ചു.

പക്ഷേ, സെമി ഫൈനല്‍ മുംബൈയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം ഐ.സി.സി അംഗീകരിച്ചു. പാകിസ്ഥാന്‍ സെമിയില്‍ എത്തിയാല്‍ കൊല്‍ക്കത്തയിലായിരിക്കും കളിക്കുക.

ഷെഡ്യൂള്‍ പ്രകാരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സുമാണ് രണ്ട് സെമി ഫൈനലുകള്‍ക്കുള്ള വേദി. എന്നാല്‍
സുരക്ഷാപരമായ കാരണങ്ങളാല്‍ മുംബൈയില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ബി.സി.സി.ഐയെയും ഐ.സി.സിയെയും അറിയിക്കുകയായിരുന്നു.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും.

ഒക്ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19ന് ഇതേ വേദിയില്‍ ഫൈനലും നടക്കും.

Content Highlight: Timings and Venues in World Cup The International Cricket Council (ICC) rejected the demands of the Pakistan Cricket Board (PCB).

We use cookies to give you the best possible experience. Learn more