കൊച്ചി:ഹാദിയ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത അപകീര്‍ത്തി പരാതി റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, ന്യസ് ചാനലിന്റെ സീനിയര്‍ എഡിറ്റര്‍ ആനന്ദ് നരസിംഹം എന്നിവര്‍ കേരള ഹൈക്കോടതിയിലേക്ക്. നാഷണല്‍ വുമണ്‍ ഫ്രണ്ട് പ്രസിണ്ടന്റ് എ.എസ് സൈനബ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി എറ്റെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹരജി നല്‍കിയത്. സെക്ഷന്‍ 196 (1a)ല്‍ അനുശാസിക്കുന്നത് പോലെ പ്രോസിക്യൂഷന് അനുമതി തരാതെ മജിസ്‌ട്രേറ്റ് കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം.
കൂടാതെ കേസ് കൊടുക്കുന്ന കാലയളവിലും സൈനബ പൊലീസ് നിരീക്ഷണത്തിലായിരുന്നു എന്നതും കേസിന്റെ സ്ത്യസന്ധത ചോദ്യം ചെയ്യുന്നുവെന്നും ഇവര്‍ കോടതിയെ ബോധിപ്പിക്കും.
ചാനല്‍ ഉപയോഗിച്ച വാര്‍ത്ത സ്രോതസ്സ് ശിവശങ്കര്‍ കൃത്യമായി പരിശോധിച്ചിരുന്നു എന്നതിന് തെളിവ്് നല്‍കി.നരസിംഹത്തിന് ചാനലിലെ ചര്‍ച്ചകളിലെ ഉള്ളടക്കം നിര്‍ണ്ണയിക്കാനുള്ള അവകാശമില്ലെന്നും ഹരജിയില്‍ പറയുന്നു.
2017 ആഗസ്റ്റ് 31ന് സംപ്രേഷണം ചെയ്ത ഷോ ഇന്ത്യ അപ് ഫ്രണ്ട് എന്ന പരിപാടിക്കെതിരെയാണ് പി.എസ് സൈനബ പരാതി നല്‍കിയത്. കേരള പൊലീസിന്റെയും എന്‍.ഐ.എയുടെയും രഹസ്യ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തയെന്നും പി.എസ്. സൈനബയും പോപുലര്‍ ഫ്രണ്ടുമാണ് മതംമാറ്റത്തിനും മറ്റും പിന്നിലെന്നുമാണ് വാര്‍ത്തയിലുണ്ടായിരുന്നത്. ഇത് സത്യവിരുദ്ധവും അപകീര്‍ത്തിപരവുമാണെന്നാണ് സൈനബ പരാതി നല്‍കിയത്.