'മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുപോകരുത്': കേന്ദ്രപദ്ധതിയുടെ പൊള്ളത്തരം തുറന്നുകാട്ടിയ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പിന്‍വലിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍
Daily News
'മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുപോകരുത്': കേന്ദ്രപദ്ധതിയുടെ പൊള്ളത്തരം തുറന്നുകാട്ടിയ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പിന്‍വലിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2017, 9:45 am

 

ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ പ്രധാനമന്ത്രി മന്ത്രി ഫസല്‍ ഭീമാ യോജനയെ വിമര്‍ശിച്ചുകൊണ്ട് സെപ്റ്റംബര്‍ 14ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നും മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. കര്‍ഷകര്‍ക്ക് സുരക്ഷാ കവചം എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതി എങ്ങനെയാണ് രാജസ്ഥാനിലെ കര്‍ഷകരെ ചുറ്റിക്കുന്നത് എന്ന് തുറന്നുകാട്ടുന്നതായിരുന്നു വാര്‍ത്ത.

റോസമ്മ തോമസ് റിപ്പോര്‍ട്ടു ചെയ്ത ഈ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിന്‍വലിക്കപ്പെടുകയാണുണ്ടായത്.


Don”t Miss: നഗ്നരും ബോധരഹിതരുമായി ഓപ്പറേഷന്‍ തിയറ്ററില്‍ മലച്ചുകിടക്കുന്ന രോഗിയുടെ സ്വകാര്യത ആരാണ് സംരക്ഷിക്കുക


2016ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പദ്ധതി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരുന്നു ഏറെ ഗുണം ചെയ്തത്. ഇതിന്റെ ഉയര്‍ന്ന പ്രീമിയവും പ്രീമിയം അടയ്ക്കാന്‍ കഴിയാതെ പോകുന്നതുമെല്ലാം കമ്പനികള്‍ക്ക് ഏപ്രിലോടെ തന്നെ 10,000 കോടിയോളം ലാഭം നേടാന്‍ സഹായകരമായെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മോദി സര്‍ക്കാറിനെ മാത്രമല്ല നിലവില്‍ തന്നെ കര്‍ഷകരുടെ പ്രതിഷേധം നേരിടുന്ന രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാറിനും വലിയ തിരിച്ചടിയായിരുന്നു.

വാര്‍ത്ത എഡിറ്റു ചെയ്യുന്നതിനെ കൂട്ടിച്ചേര്‍ത്ത “ഫ്രോഡ്” (തട്ടിപ്പ്) എന്ന വാക്ക് നീക്കം ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ റോസമ്മ തോമസ് ദ വയറിനോടു പറഞ്ഞത്. ഇതിനു പുറമേ അധികൃതരുടെ വാദം കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിബന്ധനകള്‍ താന്‍ അനുസരിക്കാന്‍ തയ്യാറായിട്ടും വാര്‍ത്ത നീക്കം ചെയ്യുകയാണുണ്ടായതെന്നാണ് അവര്‍ പറയുന്നത്.

” വാര്‍ത്തയുടെ തുടക്കം അത്ര നല്ലതായിരുന്നില്ല.” എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജയ്പൂര്‍ റസിഡന്റ് എഡിറ്റര്‍ കുനല്‍ മജുംദാര്‍ പറയുന്നത്. ഇതു നീക്കിയതു സംബന്ധിച്ച് എന്തെങ്കിലും തിരുത്തോ വിശദീകരണമോ നല്‍കുമോയെന്ന് ചോദിച്ചപ്പോള്‍ “അത് സാധാരണയായി ഉണ്ടാവാറില്ല. വാര്‍ത്തയുടെ പരിഷ്‌കരിച്ച കോപ്പി ദല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. അതിന് അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്” എന്നാണ് പറഞ്ഞത്.

എന്നാല്‍ ഇതേ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയുടെ സഹോദര പ്രസിദ്ധീകരണമായ നവഭാരത് ടൈംസിന്റെ വെബ്‌സൈറ്റിലെ ഗുഡ് ഗവേണന്‍സ് എന്ന വിഭാഗത്തില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വെബ്‌സൈറ്റില്‍ വാര്‍ത്ത ഇപ്പോഴും ലഭ്യമാണ്.

നേരത്തെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കുമെതിരെയുള്ള വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമിത്ഷായുടെ സ്വത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനില്‍ നിന്നും ഡി.എന്‍.എയുടെയും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും വെബ്സൈറ്റുകളില്‍ നിന്നും പിന്‍വലിപ്പിച്ചിരുന്നു. ബികോം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സമൃതി ഇറാനി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം.