'ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും'; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം
Kerala
'ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും'; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2017, 2:40 pm

തിരുവനന്തപുരം: ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാറിന് പാസ്മാര്‍ക്ക് നല്‍കി ടൈംസ് ഓഫ് ഇന്ത്യ അഭിപ്രായ സര്‍വ്വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തില്‍ വരുമെന്നും സര്‍വ്വേയില്‍ പറയുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് തന്നെ വോട്ട് ചെയ്യുമെന്ന് 81 ശതമാനം പേരും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രകടനവും മോശമല്ല. സര്‍ക്കാറിന്റെ പ്രകടനം മികച്ചതല്ല. എന്നാല്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചിട്ടുണ്ടെന്നും സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ പറയുന്നു.


Also Read: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി: ആം ആദ്മിക്കും കോണ്‍ഗ്രസിനും ജയം


ഒരു വയസായ സര്‍ക്കാറിന് പത്തില്‍ 5.8 മാര്‍ക്കാണ് സര്‍വ്വേയില്‍ ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചത്ര മികച്ച പ്രവര്‍ത്തനങ്ങളല്ല സര്‍ക്കാറിന്റേത്. അതേസമയം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ഏകാധിപതിയുടേത് പോലെയല്ല എന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പിണറായി വിജയന്‍ ഏകാധിപത്യ ഭരണമാണ് കാഴ്ച വെക്കുന്നത് എന്ന് ചോദ്യത്തിന് 44 ശതമാനം പേര്‍ അല്ല എന്നും 40 ശതമാനം പേര്‍ അതെ എന്നും അഭിപ്രായം പറഞ്ഞപ്പോള്‍ 16 ശതമാനം പേര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായം ഇല്ലായിരുന്നു.

എന്നാല്‍ ഇപ്പോഴും ജനപ്രിയതാരം വി.എസ് അച്യുതാനന്ദനാണ്. 46 ശതമാനം പേരാണ് മികച്ച മുഖ്യമന്ത്രിയായി വി.എസ്സിനെ കാണുന്നത്. പിണറായി വിജയനെ 29 ശതമാനം പേരും ഉമ്മന്‍ചാണ്ടിയെ 23 ശതമാനം പേരും പിന്തുണച്ചു.


Don”t Miss: ‘ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് ഒരുവട്ടം കൂടി’; ഫേസ്ബുക്ക് പിറന്ന ആ മുറിയിലേക്ക് 13 വര്‍ഷത്തിനുശേഷം മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയപ്പോള്‍


ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നീതി ലഭ്യമാക്കിയില്ല എന്നാണഅ 64 ശതമാനം പേര്‍ പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി 48 ശതമാനം പേര്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 1066 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും സ്ത്രീകളാണ്.