ദീപികയോടുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ സമീപം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളിലും മറ്റും ഉയര്‍ന്നുവന്നിരുന്നത്. ദീപികയെ അനുകൂലിച്ച് സിനിമതാരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കുകയും ചെയ്തതാണ്. ദീപിക കാണിച്ച ധൈര്യം തങ്ങള്‍ക്കില്ലെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
കൂടുതല്‍ വായിക്കുക
ഈ സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പറയാന്‍ ടൈംസ് ഓഫ് ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. “പ്രിയ ദീപിക ഇതാണ് ഞങ്ങളുടെ കാഴ്ചപ്പാട്” എന്ന തലക്കെട്ടോടെ ബോംബെ ടൈംസ് മാനേജിങ് എഡിറ്റര്‍ പ്രിയ ഗുപ്ത തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദീപിക വിഷയത്തില്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്നതിനുള്ള ഈ ലേഖനത്തിലൂടെയും അവരെ പരിഹസിക്കാനുള്ള ശ്രമമാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയിരിക്കുന്നത്.
ദീപികയുടേത് കപടനാട്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. മാഗസീന്‍ കവറുകളിലും നൃത്തരംഗങ്ങളിലും പ്രമോഷണല്‍ വീഡിയോകളിലും ശരീരപ്രദര്‍ശനം നടത്തുന്ന ദീപിക ഇപ്പോള്‍ നടത്തുന്ന രോഷപ്രകടനം അവരുടെ കപടനാട്യമാണെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ശ്രമമാണെന്നും ടൈംസ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ നടിയെന്ന നിലയില്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും മാഗസീന്‍ കവര്‍ പേജുകള്‍ക്ക് വേണ്ടി പോസ് ചെയ്യുന്നതും അവരുടെ തൊഴിലിന്റെ ഭാഗമായി കാണാം. പക്ഷെ ഈ ചിത്രങ്ങളെ “ദീപികയുടെ മുലയിടുക്ക് പ്രദര്‍ശനം” എന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കുന്നത്” മാധ്യമധര്‍മത്തിന് യോജിച്ചതാണോ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ആലോചിക്കേണ്ടത്.
നടിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടേതും കപടനാട്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായം. ഈ മാധ്യമങ്ങള്‍ക്ക് തങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന് ദീപിക പറഞ്ഞ ചിത്രം പ്രദര്‍ശിപ്പിക്കാതെയെങ്കിലും ഈ വാര്‍ത്ത നല്‍കിക്കൂടേയൊന്നും ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നുണ്ട്.
എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ദീപിക നിലപാടെടുടത്തത് ഒരിക്കലും തന്റെ മുലയിടുക്കുകള്‍ കാണുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിനല്ല. മറിച്ച് ഇത്തരമൊരു ചിത്രവുമിട്ട് “ദീപികയുടെ മുലയിടുക്ക് പ്രദര്‍ശനം” എന്ന തലക്കെട്ട് നല്‍കി വാര്‍ത്ത നല്‍കിയ മാധ്യമധര്‍മത്തെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്, ആ ചിത്രത്തെ സ്ത്രീവിരുദ്ധമായി ഉപയോഗിച്ചതിനെയാണ്, അതിനെ “ചരക്ക്” ആക്കി വിറ്റതിനെയാണ്.
ടൈംസ് ഓഫ് ഇന്ത്യ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു- “ഒരു മദ്യക്കമ്പനിയുടെ “കലണ്ടല്‍ ഗേള്‍” ആയി കരിയര്‍ ആരംഭിച്ച ദീപിക എഴുതുന്നു, “ഞങ്ങള്‍ പുരുഷന്റെ എയ്റ്റ് പാക്ക് ശരീരത്തിലേക്ക് അസൂയയോടും അത്ഭുതത്തോടും നോക്കുന്നു. എങ്കില്‍ പുരുഷ ലിംഗത്തിലേക്ക് ഞങ്ങളുടെ ക്യാമറ സൂം ചെയ്യട്ടേ, അത് തലക്കെട്ടാക്കി വാര്‍ത്ത നല്‍കട്ടേ?” ” ഇങ്ങനെ ചോദിക്കാന്‍ തങ്ങള്‍ സ്ത്രീയുടെ യോനിയിലേക്കും നിപ്പിളിലേക്കും സൂം ചെയ്തിട്ടില്ലല്ലോയെന്നാണ് ലേഖനം ചോദിക്കുന്നത്.
മുലയിടുക്കളിലേക്ക് സൂം ചെയ്തതിനെ ന്യായീകരിക്കാനാണ് ഇവിടെയും ടൈംസ് ഓഫ് ഇന്ത്യ ശ്രമിക്കുന്നത്.
ദീപികയെ മോശക്കാരിയാക്കി തങ്ങള്‍ ചെയ്തതിനെ ഓണ്‍ലൈന്‍ മീഡിയയുടെ ആവശ്യകതയാക്കി ന്യായീകരിക്കാനുള്ള ശ്രമമാണ് ലേഖനത്തിലുടനീളം ടൈംസ് ഓഫ് ഇന്ത്യ ചെയ്തിരിക്കുന്നത്. ദീപിക ശരീരം പ്രദര്‍ശിപ്പിക്കുന്നവളാണ്. അത് തങ്ങള്‍ “വില്പന ചരക്കാക്കിയത്” തെറ്റില്ല. മറിച്ച് ശരീരം പ്രദര്‍ശിപ്പിച്ച ദീപികയാണ് തെറ്റുകാരിയെന്ന രീതിയിലാണ് വിശദീകരണം മുന്നേറുന്നത്.