ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്ക് അനുകൂലമായി അഭിമുഖത്തില്‍ താന്‍ നടത്തിയ പരാമര്‍ശം ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തില്‍ നിന്നും നീക്കം ചെയ്തതായി പ്രശസ്ത സംഗീതജ്ഞന്‍ സുബിന്‍ മേത്ത. ഇന്ത്യയിലെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് എക്കാലത്തും സമാധാനത്തോടെ കഴിയാനാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് താന്‍ പറഞ്ഞതാണ് നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ സംഭാഷണത്തിലായിരുന്നു സുബിന്‍ മേത്തയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള കരണ്‍ ഥാപ്പറുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ തുറന്ന് പറയാം. രണ്ടാഴ്ച മുന്‍പ് ലോസ് ഏഞ്ചല്‍സില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. നല്ലൊരു അഭിമുഖമായിരുന്നു അത്. ഞാനത് വായിക്കുകയും ചെയ്തു. എന്നാല്‍ ‘ഇന്ത്യയിലെ എന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് എക്കാലത്തും സമാധാനത്തോടെ കഴിയാനാകണം എന്നാണ് എന്റെ ആഗ്രഹം’ എന്ന് ഞാന്‍ പറഞ്ഞത് അഭിമുഖത്തില്‍ അച്ചടിച്ചുവന്നില്ല. അവരത് നീക്കം ചെയ്തു. ഈയിടെ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനെ കണ്ടപ്പോള്‍ ഇക്കാര്യം ചോദിച്ചിരുന്നു. അത് നീക്കം ചെയ്തതായി അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അതിനുള്ള കാരണം പറഞ്ഞില്ല,’ സുബിന്‍ മേത്ത പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യക്ക് നല്‍കാനുള്ള സന്ദേശം എന്താണ് എന്ന ചോദ്യത്തിനായിരു സുബിന്‍ മേത്തയുടെ മുസ്‌ലിം പരാമര്‍ശം. ‘ ഞാന്‍ ഒരുപാട് മുസ്ലിം സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. അവരില്‍ നിന്നെല്ലാം എനിക്ക് വിവരങ്ങള്‍ ലഭിക്കാറുണ്ട്. ഇന്ത്യയിലെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് എക്കാലത്തും സമാധാനത്തോടെ കഴിയാനാകണം എന്നാണ് എന്റെ ആഗ്രഹം’, എന്നായിരുന്നു സുബിന്‍ മേത്ത പറഞ്ഞിട്ടുണ്ടായിരുന്നത്.
അതേസമയം സുബിന്‍ മേത്ത ദി വയറിന് നല്‍കിയ അഭിമുഖം അവര്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്തെത്തി. ‘മേത്തയുമായുള്ള അഭിമുഖം ദൈര്‍ഘ്യമേറിയതായിരുന്നു. അതുകൊണ്ട് തന്നെ പേജില്‍ ഉള്‍ക്കൊള്ളിക്കാനായി അത് വെട്ടിച്ചുരുക്കേണ്ടി വന്നു. അദ്ദേഹം പരാമര്‍ശിച്ച കാര്യം അഭിമുഖത്തിന്റെ അവസാന ഭാഗത്തായിരുന്നു ഉണ്ടായത്. എഡിറ്റിങ്ങില്‍ ഇവ വിട്ടുപോയി. മേത്ത അഭിമുഖം നടത്തിയയാളോട് ഇതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ വേര്‍ഷനില്‍ ഇവ ഉള്‍പ്പെടുത്തുകയും ചെയ്തു,’ ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
Content Highlights: Times of india removed quote on muslim support from interview: Zubin mehta