| Saturday, 5th December 2020, 6:31 pm

കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി; മുംബൈ മിററും പൂണെ മിററും പ്രവര്‍ത്തനമവസാനിപ്പിക്കുന്നതായി ടൈംസ് ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടൈംസ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള പത്രങ്ങളായ മുംബൈ മിററും പൂണെ മിററും പ്രവര്‍ത്തനമവസാനിപ്പിക്കുന്നതായി ടൈംസ് ഗ്രൂപ്പ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് പ്രവര്‍ത്തനമവസാനിപ്പിക്കുന്നതെന്ന് ടൈംസ് ഗ്രൂപ്പ് അറിയിച്ചു.

മുംബൈ മിറര്‍ ആഴ്ചപതിപ്പായി ആരംഭിക്കുമെന്നും ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമായി തുടരുമെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

‘ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കടുത്ത തകര്‍ച്ചയിലൂടെ കടന്ന് പോകുന്നതിനാലും നിലവില്‍ തുടര്‍ന്ന് പോകുന്നത് ഫലവത്താവില്ലെന്ന് ബോധ്യമായതിനാലും പൂണെ മിററിന്റെ പ്രസാധനം അവസാനിപ്പിക്കാനും മുംബൈ മിറര്‍ ആഴ്ചപ്പതിപ്പായി തുടരാനും ഔദ്യോഗികമായി തീരുമാനിച്ചു. ശക്തമായ ഡിജിറ്റല്‍ സാന്നിധ്യമായി ഇവ തുടരും, അവര്‍ പറഞ്ഞു.

‘നിരവധി ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തി. ചെറിയൊരു സമയത്തിനുള്ളില്‍ തന്നെ ഇത്രയും ശക്തമായ ഒരു ബ്രാന്‍ഡായി ഇതിനെ മാറ്റാന്‍ സഹായിച്ച ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെയും മറ്റു ജീവനക്കാരുടെയും സംഭാവനകളെ മാനിക്കുകയും അവരുടെ കഠിനാധ്വാനത്തിന് മുന്നില്‍ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പത്രം പ്രിന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ അറിയിച്ചു.

മുംബൈ മിറര്‍ അതിന്റെ ആഖ്യാന രീതികൊണ്ട് നഗരത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നെന്നും പത്രം മുംബൈയിലെ പ്രാദേശിക ജനതയെ പോലെതന്നെ പ്രാദേശികത പുലര്‍ത്തിയിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Times Of India officially informed that they are stopping the publications of Mumbai Mirror and Pune mirror

We use cookies to give you the best possible experience. Learn more