'മോദിയെ പ്രശംസിക്കാന്‍ മുസ്‌ലീങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല'; അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതിനു പിന്നാലെ വര്‍ഗീയ പ്രചരണവുമായി ടൈംസ് നൗ
India
'മോദിയെ പ്രശംസിക്കാന്‍ മുസ്‌ലീങ്ങളെ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല'; അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതിനു പിന്നാലെ വര്‍ഗീയ പ്രചരണവുമായി ടൈംസ് നൗ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 1:57 pm

 

 

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയ സംഭവം വര്‍ഗീയവത്കരിച്ച് ടൈംസ് നൗ ചാനല്‍. അബ്ദുള്ളകുട്ടിയെ പുറത്താക്കിയെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് വര്‍ഗീയപ്രചരണം നടത്തിയത്.

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയെന്ന വാര്‍ത്ത ‘മോദിയെ പ്രശംസിക്കാന്‍ മുസ്‌ലീംങ്ങളെ കോണ്‍ഗ്രസ് അനുവദിക്കില്ല’ എന്ന രീതിയിലാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്. ‘ മുസ്‌ലീങ്ങള്‍ കോണ്‍ഗ്രസിന്റെ അടിമകളോ?’ എന്ന ചോദ്യവും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിരുന്നു.

സി.പി.ഐ.എമ്മിലിരിക്കെ രണ്ടുതവണ എം.പിയായ അബ്ദുള്ളക്കുട്ടിയെ മോദി സ്തുതിയുടെ പേരിലായിരുന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലേക്കു വന്ന അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തിരിച്ചടിയ്ക്കു പിന്നാലെ മോദിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.

കോണ്‍ഗ്രസില്‍ നിന്നും പുറത്തുകടക്കുകയെന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വമാണ് അബ്ദുള്ളക്കുട്ടി ഇത്തരമൊരു നീക്കം നടത്തിയതെന്ന വിലയിരുത്തലുമുണ്ട്. കര്‍ണാടക രാഷ്ട്രീയം ലക്ഷ്യമിട്ടാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയെ പ്രീണിപ്പിക്കുന്നത്. മംഗളുരു ഉള്‍പ്പെട്ട ദക്ഷിണ കന്നഡ മേഖലയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖമായി ചേക്കറാനാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

അബ്ദുള്ളക്കുട്ടിയും കുടുംബവും ഏതാനും വര്‍ഷങ്ങളായി മംഗളുരുവിലാണ് താമസം. ദക്ഷിണ കന്നഡയില്‍ നിന്നുള്ള ലോക്‌സഭാംഗം നളിന്‍കുമാര്‍ കട്ടീലും അബ്ദുള്ളക്കുട്ടിയുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

പാര്‍ട്ടിയില്‍ നിന്നും അബ്ദുള്ളക്കുട്ടിയെ പുറത്താക്കേണ്ടി വന്ന സാഹചര്യം പരിശോധിച്ചാല്‍ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് അദ്ദേഹം ഓരോ പടിയും നീങ്ങിയതെന്ന സംശയമുയരും. മോദിയോട് കോണ്‍ഗ്രസ് ദയനീയമായി തോറ്റതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടി മോദിയെ ഗാന്ധിജിയോട് ഉപമിച്ചത്.

കോണ്‍ഗ്രസ് ശക്തമായി ഇതിനെ എതിര്‍ത്തപ്പോഴും അബ്ദുള്ളക്കുട്ടി മോദി സ്തുതിയില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്. കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസിനു നല്‍കിയ മറുപടിയിലും ഇതേ നിലപാടായിരുന്നു. ഇതോടെ മറ്റുമാര്‍ഗമില്ലാതായതോടെയാണ് കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് എന്നിരിക്കെയാണ് അത് മുസ്‌ലിം മോദിയെ പ്രശംസിച്ചതിനാണെന്ന തരത്തില്‍ ടൈംസ് നൗ പ്രചരിപ്പിക്കുന്നത്.