ബെംഗളൂരു: കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ദേശീയ മാധ്യമങ്ങളായ ടൈംസ് നൗവിന്റെയും റിപ്പബ്‌ളിക് ടി.വിയുടെയും പ്രതിനിധികളെ ഇറക്കിവിട്ടു. ചാനലുകള്‍ ബിജെ.പി അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്ന് ആരോപിച്ചാണ് ചാനല്‍ പ്രതിനിധികളെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ടത്.
Also Read: ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി ഖത്തര്‍
കര്‍ണ്ണാടക കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് ദിനേശ് ഗുണ്ഡ റാവു വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ നിന്നാണ് ഇരുവരെയും പുറത്താക്കിയത്. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ചാനലുകളും നല്‍കിയ വാര്‍ത്തകളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നടപടി.
2018ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ സ്ട്രാറ്റജി വ്യക്തമാക്കുവാന്‍ വിളിച്ചു ചേര്‍ത്തതായിരുന്നു വാര്‍ത്താ സമ്മേളനം. ചാനല്‍ പ്രതിനിധികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഗുണ്ഡ റാവു ഇരു ചാനലുകളും ബി.ജെ.പി അജണ്ട ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.
“മുന്‍കൂട്ടിത്തയ്യാറാക്കിയ ബി.ജെ.പി അജണ്ടകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്നവരാണ് നിങ്ങള്‍. പത്രപ്രവര്‍ത്തനം എന്നത് സത്യത്തിന്റെ നേരെയുള്ള കണ്ണാടിയാണ് അല്ലാതെ ബി.ജെ.പിക്ക് നേരെയുള്ള കണ്ണാടിയാകരുത്.” അദ്ദേഹം പറഞ്ഞു.