| Friday, 19th May 2017, 8:09 am

'അര്‍ണബ് പുറത്ത് വിട്ട ടേപ്പുകള്‍ മോഷ്ടിച്ചത്'; പ്രസ്താവനയുമായ് ബി.സി.സി.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനല്‍ എഡിറ്ററായിരുന്ന അര്‍ണബ് ഗോസ്വാമിക്കെതിരെ രേഖകള്‍ മോഷ്ടിച്ചതിന് പരാതി നല്‍കിയതിന് പിന്നാലെ പരസ്യ പ്രസ്താവനയുമായി ബി.സി.സി.എല്‍. അര്‍ണബിന്റെ പുതിയ ചാനലായ റിപ്പബ്ലിക്ക് പ്രക്ഷേപണം ആരംഭിച്ച മേയ് ആറിന് “ബിഗ് ബ്രേക്കിങ്ങ്” എന്ന പേരില്‍ പുറത്ത് വിട്ട ടേപ്പ് ടൈംസ് നൗവിന് പകര്‍പ്പവകാശമുള്ളതാണെന്നാണ് ബി.സി.സിഎല്ലിന്റെ പ്രസ്താവനയില്‍ പറയുന്നത്.


Also read ബി.ജെ.പി നേതാവിന്റെ കയ്യില്‍ നിന്ന് 45 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി


ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരെയായിരുന്നു റിപ്പബ്ലിക്ക് ടേപ്പ് പുറത്ത് വിട്ടിരുന്നത്. എന്നാല്‍ പുറത്തുവിട്ട ടേപ്പ് രണ്ടുവര്‍ഷം പഴക്കമുള്ളതും ടൈംസ് നൗവിന്റെ പകര്‍പ്പവകാശമുള്ളതുമാണെന്നാണ് ബി.സി.സി.എല്‍ പറയുന്നത്. ജയിലില്‍ കഴിയുന്ന മുന്‍ ആര്‍.ജെ.ഡി എം.പിയായ ഷഹാബുദ്ദീനും ലാലു പ്രസാദും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു ടേപ്പില്‍.

ഇതിന് പിന്നാലെ സുനന്ദ പുഷ്‌കര്‍ കേസിലെ ഓഡിയോ ടേപ്പും അര്‍ണബ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇവ മോഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി മോഷമക്കുറ്റത്തിനും വഞ്ചനാകുറ്റത്തിനുമാണ് ടൈംസ് നൗ പരാതി കൊടുത്തിരുന്നത്.

സുനന്ദ, ലാലു ടേപ്പുകള്‍ കൈവശമുള്ള കാര്യം അര്‍ണബിനും എഡിറ്റോറിയല്‍ ടീമിലെ ചുരുക്കം ചിലര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണെന്നാണ് പ്രസ്താവനയില്‍ ബി.സി.സി.എല്‍ പറയുന്നത്. ടൈംസ് നൗവിന്റെ എഡിറ്ററും പ്രസിഡന്റും ആയിരിക്കെ, അത്തരം ടേപ്പുകള്‍ അര്‍ണബ് കൈവശം വെക്കുകയും സ്വന്തം തീരുമാന പ്രകാരം ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.


Dont miss ‘നല്‍കിയതെല്ലാം തെറ്റായ വിവരങ്ങള്‍’; വാട്ട്‌സ്ആപ്പ് ഏറ്റെടുത്ത ഫേസ്ബുക്കിന് 800 കോടി രൂപ പിഴ 


റിപ്പബ്ലിക് ടിവിയിലൂടെ ടേപ്പുകള്‍ പുറത്തുവിടും മുമ്പ് വരെ ഇവ ബി.സി.സി.എല്ലില്‍ നിന്നും ടൈംസ് നൗ മാനേജ്മെന്റില്‍ നിന്നും അര്‍ണബ് മറച്ചു വെക്കുകയായിരുന്നെന്നും പറഞ്ഞ ബി.സി.സി.എല്‍. റിപ്പബ്ലിക് വഴി പുറത്തുവിടുമ്പോഴാണ് ഇവ മോഷണം പോയ കാര്യം മനസ്സിലാക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

“ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ ഇത്തരം ടേപ്പുകള്‍ ഉപയോഗിക്കാനും പിന്നീട് ഉപയോഗിക്കുന്നതിനായി മാറ്റിവെക്കാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യവും അധികാരവും അര്‍ണബിനുണ്ട്. എന്നാല്‍, രാജിവെച്ച ശേഷം അത് കമ്പനിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതും മത്സരബുദ്ധിയുള്ള ഒരു ചാനലുടമ എന്ന നിലയില്‍ അതുപയോഗിക്കുന്നതും വിശ്വാസവഞ്ചനയും മോഷണവുമാണ്”.

തനിക്കുണ്ടായിരുന്ന പ്രത്യേക അധികാരം അര്‍ണബ് ദുരുപയോഗം ചെയ്യുകയായിരുന്നു. ലോഞ്ച് സ്റ്റോറി ആയി ഈ ടേപ്പുകളെ ഉപയോഗിക്കുന്നതിലൂടെ ടൈംസ് നൗവിന്റെ ഉടമസ്ഥതയിലുള്ള വിലപിടിച്ച വസ്തുക്കളാണ് അവയെന്ന് വ്യക്തമാണ് എന്നും ബി.സി.സി.എല്ലിന്റെ പ്രസ്താവന പറയുന്നു.

എന്നാല്‍ വലിയ പ്രാധാന്യം നല്‍കി അര്‍ണബ് പുറത്ത് വിട്ട രണ്ട് വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more