national news
ടൈംസ് നവഭാരത് ചാനലിന്റെ പരിപാടി പിന്‍വലിക്കണം: എന്‍.ബി.ഡി.എസ്.എ
ന്യൂദല്‍ഹി: ടൈംസ് നവഭാരത് ചാനല്‍ അവതാരക നവിക കുമാര്‍ ഗര്‍ബ ആഘോഷങ്ങള്‍ സംബന്ധിച്ച് നടത്തിയ ഷോ പിന്‍വലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി(എന്‍. ബി.ഡി എസ്.എ). വര്‍ഗീയ വിദ്വേഷം നടത്തിയതിനാണ് എന്‍. ബി.ഡി.എസ്.എ പരിപാടി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.
പരിപാടി മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതും സംരക്ഷണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് കാണിച്ചു ടെക്ക് എത്തിക്‌സ് പ്രൊഫഷനല്‍ ഇന്ദ്രജിത്ത് ഘോര്‍പാഡെ, മതിന്‍ മുജാവര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാര്‍ അവതരിപ്പിച്ച ടിക്കര്‍ റിപ്പോര്‍ട്ടിങ്ങില്‍ വര്‍ഗീയവശം ചേര്‍ത്തതായി പരാതിക്കാരില്‍ ഒരാള്‍ ആരോപിച്ചു. നവികയുടെ റിപ്പോര്‍ട്ട് ഏതാനും വ്യക്തികള്‍ ചെയ്ത കുറ്റത്തിന് മുസ്‌ലിം സമുദായത്തെ ആകെ ലക്ഷ്യം വയ്ക്കുന്നതാണെന്ന് പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒത്തുചേരുന്നു. ഗര്‍ബ ഫെസ്റ്റിവലില്‍ ചില ആണ്‍കുട്ടികള്‍ മോശമായി പെരുമാറി എന്ന് ആരോപിക്കപ്പെടുന്ന ചില റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ദേശീയ ടെലിവിഷനിലെ അവതാരക ഇത്തരം ഒരു ചോദ്യം ഉന്നയിച്ചു.
എന്തുകൊണ്ടാണ് മുസ്‌ലിമുകള്‍ മറ്റു ഹിന്ദു ആഘോഷങ്ങളില്‍ പങ്കെടുക്കാത്തത് എന്നും എന്തുകൊണ്ടാണ് അവര്‍ ഗര്‍ബയെ മാത്രം സ്‌നേഹിക്കുന്നതെന്നും നവിക അടിസ്ഥാനരഹിതമായി ചോദ്യം ചെയ്തു,’ പരാതിക്കാരന്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍,കലാപങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ഗീയ നിറം ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ അതോറിറ്റി വ്യക്തമാക്കി.
‘സ്ത്രീ സുരക്ഷ എന്ന പരിപാടിയുടെ പ്രധാന ആശയം മറികടന്ന് വര്‍ഗീയവിദ്വേഷം നിറയ്ക്കുന്ന പരാമര്‍ശങ്ങള്‍ ബ്രോഡ്കാസ്റ്റിങ്ങില്‍ ഉണ്ടായി,’ ഉത്തരവില്‍ പറയുന്നു.
ആങ്കറുടെ ചോദ്യങ്ങളും ടിക്കറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഒരു പ്രത്യേക സമുദായത്തിലെ പുരുഷന്മാര്‍ മറ്റു മതത്തിലെ സ്ത്രീകളെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന അക്രമികളോ കുറ്റവാളികളോ ആണെന്ന ധാരണ സൃഷ്ടിച്ചതായി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി പറഞ്ഞു.
ഇതനുസരിച്ച് ചാനലിന്റെ വെബ്‌സൈറ്റില്‍ നിന്നും യൂട്യൂബ് ചാനലില്‍ നിന്നും വീഡിയോ നീക്കം ചെയ്യാന്‍ എം.ബി.ഡി.എസ്.എ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം 29നാണ് ടൈംസ് നവഭാരത് പരിപാടി സംപ്രേഷണം ചെയ്തത്. അതേസമയം പൊതുപരിപാടികളിലെ സ്ത്രീസുരക്ഷയെ കേന്ദ്രീകരിച്ചാണ് വാര്‍ത്തകള്‍ ചെയ്തതെന്ന് ചാനല്‍ അവകാശപ്പെടുന്നത്.
Content Highlight: Times Now bharath told to take down video of 2022 show on Muslim men at garbha events